സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ സൗജന്യയാത്രാ സൗകര്യം ഒരുക്കി കെജ്രിവാള്‍

സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിനായി എല്ലാ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(ഡിറ്റിസി) ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും മെട്രോ ട്രെയ്‌നുകളിലും സൗജന്യ യാത്രാ സൗകര്യം ഒരുക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സ്വന്തമായി യാത്രാക്കൂലി എടുക്കാന്‍ കഴിവുള്ളവര്‍ക്ക് ഈ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാകാം. 33 ശതമാനം സ്ത്രീകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും മെട്രോയിലും ഈ ആനുകൂല്യം ലഭ്യമാക്കും. അടുത്ത മൂന്നു മാസത്തിനിടെ പദ്ധതി നടപ്പിലാക്കുമെന്ന് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ഡിറ്റിസിക്കും മെട്രോക്കും ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. പദ്ധതി രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണെന്നും ആളുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളിലും ആംആദ്മി പാര്‍ട്ടി പരാജയം ഏറ്റു വാങ്ങിയിരുന്നു. അതിനു ശേഷമാണ് ഡല്‍ഹിയില്‍ പുതിയ മാറ്റവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എത്തുന്നത്.