പുരസ്‌കാര തിളക്കവുമായി വെയില്‍ മരങ്ങള്‍

ഇരുപത്തി രണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടി സംവിധായകന്‍ ഡോ ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന മലയാള ചിത്രം. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഷാങ്ഹായ് മേളയില്‍ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

ചലച്ചിത്ര മേളയിലെ പ്രധാന വിഭാഗമായ ഗോള്‍ഡന്‍ ഗ്ലോബ്ലെറ്റ് പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച സിനിമയ്ക്ക് ലഭിക്കുന്ന പുരസ്‌കാരമാണ് വെയില്‍ മരങ്ങള്‍ നേടിയിരിക്കുന്നത്. സംവിധായകനൊപ്പം ഇന്ദ്രന്‍സ്, പ്രകാശ് ബാരെ, നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം തുടങ്ങിയവരും ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

രണ്ടാമത്തെ തവണയാണ് ഡോ ബിജു ചലചിത്ര മേളയ്ക്ക് എത്തിയിരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറത്തിന് ശേഷം ഈ വര്‍ഷമാണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായില്‍ പ്രധാന മല്‍സരത്തിനിറങ്ങിയിരിക്കുന്നത്. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതീജിവനത്തിന്റെയും പാലായനത്തിന്റെയും കഥയാണ് വെയില്‍ മരങ്ങള്‍ പറയുന്നത്.

ഹിമാചല്‍ പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങിലായി ഒന്നര വര്‍ഷം കൊണ്ടാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ഇന്ദ്രന്‍സിനൊപ്പം സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യൂ സോമതീരമാണ് ചിത്രം നിര്‍മ്മിച്ചത്.