ബാലഭാസ്കറിന്‍റെ മരണം? രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി

ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

ബാലഭാസ്കറിന്‍റെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധമെന്തെന്ന കാര്യത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടോ, അങ്ങനെയെങ്കിൽ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുണ്ടായിരിക്കുന്നത്, സ്വർണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോൾ ഏത് നിലയിലാണ് എന്നീ കാര്യങ്ങളാണ് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കേണ്ടത്.

ബാലഭാസ്കറിന്‍റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേത്തുടർന്ന് ബാലഭാസ്കറിന്‍റെ മരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനൽ കേസിൽ പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്‍റെയും നിർബന്ധപ്രകാരമാണ് ഡ്രൈവറായി അർജുനെ ബാലഭാസ്കർ നിയമിച്ചതെന്നും അച്ഛൻ ഉണ്ണി ആരോപിച്ചു. അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്കറിന്‍റെ ഡ്രൈവറായി അർജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുനെന്ന് അറിയുന്നതെന്നും ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണി പറയുന്നു.

അപകടമുണ്ടായി ബാലഭാസ്കറിന്‍റെ കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധു പ്രിയ വേണുഗോപാൽ ആരോപിച്ചത്. ബന്ധുക്കളെ ലക്ഷ്മിയെ കാണാൻ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാർഡുമുൾപ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചിരുന്നു. എല്ലാ വിവരങ്ങളും പ്രകാശ് തമ്പി പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമ ലത എന്ന സ്ത്രീയ്ക്കാണ് കൈമാറിയിരുന്നതെന്നും ബന്ധുക്കളോട് ഒന്നും പറഞ്ഞിരുന്നിലെന്നും പ്രിയ വേണുഗോപാൽ ആരോപിച്ചു.

ഇതേത്തുടർന്ന് ബാലഭാസ്കറിന്‍റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യുകയും അപകടം പുനരാവിഷ്കരിക്കുകയും ചെയ്തു. അർജുൻ ഉൾപ്പടെ പ്രധാനപ്പെട്ട പലരും ഒളിവിൽ പോയി എന്ന വിവരം വന്നതിനെത്തുടർന്ന് സംഭവത്തിലെ ദുരൂഹതയേറി. ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതും പരിശോധിച്ച് വരവെയാണ് ഹൈക്കോടതി അന്വേഷണത്തെക്കുറിച്ച് റിപ്പോർട്ട് തേടുന്നത്.