ശ്യാമളക്ക്​ വീഴ്​ച പറ്റി; നിലപാടിലുറച്ച്​ പി. ജയരാജൻ

തലശ്ശേരി ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ മുൻസിപ്പൽ ചെയർ പേഴ്‍സണായ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി ജയരാജൻ. കെട്ടിടനിർമാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്. പക്ഷേ അതിൽ ഒരു കാലതാമസം വന്നാൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്ക് ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, അത് നിർവഹിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. അത് ശ്യാമള ഉൾക്കൊള്ളണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ‘മലയാളം’ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്.

ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിട നിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിൻെറ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് നഗരസഭാ അധ്യക്ഷ. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആന്തൂർ പ്രശ്​നത്തിൽ പി.കെ ശ്യാമളക്ക്​ വീഴ്​ച പറ്റിയെന്ന ജയരാജൻെറ നിലപാടിനെ സി.പി.എം സംസ്ഥാന കമ്മിറ്റി തള്ളിയിരുന്നു. ശ്യാമളയെ വേദിയിലിരുത്തി വിമർശിച്ച ജയരാജൻെറ നടപടിയും പാർട്ടിയിൽ അതൃപ്​തിയുണ്ടാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ ആവർത്തിച്ച്​ ജയരാജൻ രംഗത്തെത്തിയത്​.