രാഹുല്‍ തുടരാന്‍ നിരാഹാര സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ കാണ്‍പുരില്‍ നിരാഹാര സമരം തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാനൊരുങ്ങുന്നത്.

ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നേതാക്കളാരും തയ്യാറാവുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഉണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ കൂട്ടരാജിയുണ്ടായി. ഡല്‍ഹിയിലേയും തെലങ്കാനയിലേയും വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ നൂറ്റിയിരുപതോളം പാര്‍ട്ടി ഭാരവാഹികള്‍ വെള്ളിയാഴ്ച രാജിവെച്ചു. ഡല്‍ഹി, ഹരിയാണ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ ഘടകങ്ങളില്‍നിന്നാണ് രാജി.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹരിയാണയിലെ നേതാക്കളെ രാഹുല്‍ വ്യാഴാഴ്ച കണ്ടിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദുമായും പതിനഞ്ചോളം നേതാക്കളുമായും ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തി. പാര്‍ട്ടി ഇത്ര ദയനീയമായി പരാജയപ്പെട്ടിട്ടും ആരും ഉത്തരവാദിത്വമേറ്റെടുക്കാനോ സ്ഥാനം രാജിവെക്കാനോ തയ്യാറാവുന്നില്ലെന്ന് നേതാക്കളോട് രാഹുല്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ കൂട്ടരാജി. ഡല്‍ഹി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോഠിയ, തെലങ്കാന വര്‍ക്കിങ് പ്രസിഡന്റ് പൂനം പ്രഭാകര്‍, മഹിളാ കോണ്‍ഗ്രസ് ഹരിയാണ ഘടകം പ്രസിഡന്റ് സുമിത്ര ചൗഹാന്‍, സെക്രട്ടറി സത്യവീര്‍ യാദവ്, മേഘാലയയില്‍നിന്നുള്ള ജനറല്‍ സെക്രട്ടറി നെട്ട പി. സാങ്മ, സെക്രട്ടറി വീരേന്ദര്‍ റാത്തോഡ്, മധ്യപ്രദേശ് ജനറല്‍ സെക്രട്ടറി സുധീര്‍ ചൗധരി, ഛത്തീസ്ഗഢ് ജനറല്‍ സെക്രട്ടറി അനില്‍ ചൗധരി തുടങ്ങിയവരും രാജിവെച്ചു.