‘സ്ത്രീകളുടെ രാത്രി ജോലി’ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

സ്ത്രീകളുടെ രാത്രി ജോലി ഒഴിവാക്കാന്‍ കേന്ദ്ര കാബിനറ്റിന്റെ തൊഴില്‍ ചട്ടത്തില്‍ നിര്‍ദ്ദേശം. സ്ത്രീകളുടെ ജോലി സമയം രാവിലെ 6നും വൈകിട്ട് 7നും ഇടക്കുള്ള സമയത്തേ ആകാവു എന്നതാണ് പുതിയ നിര്‍ദ്ദേശം. തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തൊഴില്‍ ചട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം വച്ചിരിക്കുന്നത്. വൈകിട്ട് 7 മണി കഴിഞ്ഞും ജോലിയെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ വനിതകളുടെ പൂര്‍ണ സുരക്ഷ തൊഴിലുടമ ഉറപ്പാക്കണം. വനിത ജീവനക്കാരെ അവധി ദിവസങ്ങളില്‍ ജോലിക്ക് വിളിക്കേണ്ടി വന്നാലും തൊഴിലുടമ സുരക്ഷ ഉറപ്പാക്കണം.

നിലവിലുള്ള 44 കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ചേര്‍ത്ത് വേതനം, വ്യവസായ ബന്ധങ്ങള്‍, സാമൂഹിക സുരക്ഷയും ക്ഷേമവും, തൊഴിലിടങ്ങളിലെ സുരക്ഷ – ആരോഗ്യ, സാഹചര്യങ്ങള്‍ തുടങ്ങി 4 തൊഴില്‍ ചട്ടങ്ങളാണ് രൂപീകരിക്കുന്നത്. തൊഴിലാളിയുടെ രക്ഷിതാക്കള്‍ക്കൊപ്പം മുത്തച്ഛനും മുത്തശ്ശിക്കും കൂടി ചികിത്സാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. ഓവര്‍ടൈം മാസം 125 മണിക്കൂറില്‍ കൂടരുത്. കുട്ടികള്‍ക്ക് ക്രഷ് സൗകര്യം, കന്റീന്‍, ഫസ്റ്റ് എയ്ഡ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം. വെല്‍ഫെയര്‍ ഓഫിസര്‍ ഉണ്ടാകണം. തുടങ്ങിയവയാണ് തൊഴില്‍ ചട്ടത്തിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍.