പാലാരിവട്ടം മേല്‍പ്പാലം: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. പാലം പൂര്‍ണമായി പൊളിക്കണോ അറ്റകുറ്റപ്പണി മതിയോ എന്നതിലാണ് തീരുമാനം എടുക്കേണ്ടത്.

രണ്ടാഴ്ച മുമ്പ് ഐഐടി വിദഗ്ധരും ഇ ശ്രീധരനും സംയുക്തമായി പാലാരിവട്ടം പാലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇന്ന് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പാലത്തിന്റെ നിലനില്‍പ്പിനെ പറ്റി ആശങ്കകളുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇ.ശ്രീധരന്‍ പരിശോധനയ്‌ക്കെത്തിയത്.

അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടിയത്. പാലാരിവട്ടം പാലത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഐഐടിയുടെ റിപ്പോര്‍ട്ടില്‍ അറ്റുകറ്റപ്പണി മതിയാകുമെന്നാണ് പറയുന്നത്. എന്നാല്‍ ഐഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷവും ഇ ശ്രീധരന്റെ വി​ദ​ഗ്ധ അഭിപ്രായം പരിഗണിച്ച ശേഷം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.