ബാഹുബലിയായി ചന്ദ്രയാന്‍-2

 

ബെംഗളുരു: ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഉപഗ്രഹത്തിന്റെ പുറത്തു വന്നു. ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍(പ്രഗ്യാന്‍) എന്നിവയുടെ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.15നാണ് ബാഹുബലി എന്നു വിളിപ്പേരുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപം. 1000 കോടിയോളം ചിലവിട്ടാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. മാര്‍ക്ക്-3 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന വിക്ഷേപണം വിജയകരമായാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന രാജ്യമെന്ന പേര് ഇന്ത്യക്ക് സ്വന്തമാവും. സെപ്തംബര്‍ ആദ്യവാരം ചന്ദ്രോപരിതലത്തില്‍ ഇറക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ പറഞ്ഞു. ഇതിനായി ബാഹുബലി 3.84 ലക്ഷം കിലോമീറ്ററുകളാണ് സഞ്ചരിക്കുക.

ഇതിൻറെ റോവറിന് ആറു ചക്രങ്ങള്‍ ഉണ്ട്. ഓര്‍ബിറ്ററിനു മുകളിലായാണു ലാന്‍ഡര്‍ ഘടിപ്പിച്ചിട്ടുള്ളത്. ഭൂമിക്കു പുറത്തെ കനത്ത ചൂടില്‍നിന്നു രക്ഷിക്കാനായി ഈ ഭാഗങ്ങളെ സ്വര്‍ണ ഫിലിം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വന്തമായി നിര്‍മിച്ചതാണ് ചന്ദ്രയാന്‍-2. ഈ ഉപഗ്രഹത്തിന് ആകെ 3.8 ടണ്‍ ഭാരമാണുള്ളത്. 14 ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള സ്യൂട്ട് ഒപ്പമുണ്ട്. 14 ഭൗമദിനങ്ങളാണു റോവറിന്റെ ആയുസ്സ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനില്‍ ദിവസവും അര കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കില്ല.

പ്രധാനമായും ചന്ദ്രന്റെ രാസഘടന, ധാതുക്കള്‍, ജലകണികകള്‍ എന്നിവയെക്കുറിച്ചാണ് പഠിക്കുക. ലാന്‍ഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍മിച്ച ഉപകരണവും ലാന്‍ഡറില്‍ ഉണ്ടാവും. സുരക്ഷിതമായ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

ഇതിനു മുമ്പു വിക്ഷേപിച്ച ചന്ദ്രയാന്‍-1 ഉപരിതലത്തില്‍ ഇടിച്ചിറക്കുകയായിരുന്നു.

യുഎസ്, ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങിയവ ആണ് ഇതുവരെ ചന്ദ്രനില്‍ പര്യവേക്ഷണ വാഹനങ്ങള്‍ ഇറക്കിയിട്ടുള്ള രാജ്യങ്ങള്‍.