കാരുണ്യ ബെനവലന്റ് പദ്ധതി തുടരില്ല; തോമസ് ഐസക്

തിരുവനന്തപുരം: ആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യയും ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയാത്തതിനാല്‍ കാരുണ്യ ബെനവലന്റ് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് കൊണ്ടു പോയിട്ടും പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുമെന്നതിനു വേണ്ട ഉത്തരവ് ഉടന്‍ തന്നെ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 30നായിരുന്നു കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത്. ഇതേത്തുടര്‍ന്ന് ജനങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ കാരുണ്യ എന്ന പേരില്‍ സര്‍ക്കാരിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നുണ്ട്. ഇതിനോടൊപ്പം കാരുണ്യ ബെനവലന്റ് പദ്ധതിയും നടപ്പിലാക്കിയിട്ടും മൂന്നു മാസമായി കാര്യമായ പ്രയോജനം ഉണ്ടാവാത്തതാണ് ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് മന്ത്രി പറഞ്ഞത്.

പുതിയ രീതിയിലേക്ക് മാറുന്നതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബദല്‍ ക്രമീകരണത്തിന് ഉത്തരവ് ധനവകുപ്പിന്റെ അനുമതിയോടെ ഇന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കും. ഇതോടെ സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടാത്ത മൂന്നുലക്ഷം രൂപ വരുമാന പരിധിയിലുള്ളതും മറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയില്ലാത്തവരുമായ എല്ലാവര്‍ക്കും ബദല്‍ ക്രമീകരണത്തിലൂടെ ചികിത്സ ലഭിക്കും.