യജമാനനെ ഭക്ഷണമാക്കി 18 വളര്‍ത്തുനായ്ക്കള്‍

ടെക്‌സാസ്: യുഎസില്‍ കാണാതായ 57-കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നുവെന്ന് പോലീസ് വെളിപ്പെടുത്തല്‍. ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കിയത്. ടെക്‌സാസിന് സമീപത്തായി ഒരു ഉള്‍പ്രദേശത്ത് ഫ്രെഡി മാക്കും വളര്‍ത്തു നായ്ക്കളും ഒറ്റക്കാണ് താമസിച്ചിരുന്നത്. മാക്കിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതില്‍ പോലീസ് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് മാക്ക് പട്ടികള്‍ക്ക് ഇരയായി മാറി എന്നുള്ള സത്യം പുറം ലോകം അറിയുന്നത്.

പോലീസ് മാക്കിന്റെ വീടിന്റെ പരിസരത്ത് നടത്തിയ തിരച്ചിലില്‍ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മാക്കിന്റെയാണെന്ന് ആദ്യം സ്ഥിരീകരിക്കാനായില്ല. പിന്നീട് നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ മുടിയും തുണികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. നായ്ക്കളെ പാര്‍പ്പിച്ചിരുന്ന ഭാഗത്ത് നിന്ന് മാക്കിന്റെ ഷൂ കണ്ടെത്തിയോടുകൂടി പോലീസ് നായ്ക്കളാണ് മാക്കിനെ കൊന്നതെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. മാക്ക് രോഗാവസ്ഥയെ തുടര്‍ന്ന് മരിച്ചതിന് ശേഷം വളര്‍ത്തു നായ്ക്കള്‍ ആഹാരമാക്കിയിരിക്കാം എന്നാണ് പോലീസ് നിഗമനം.

മാക്കിനെ തിരഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ എത്തിയെങ്കിലും നായ്ക്കള്‍ അകത്തേക്ക് കയറ്റിയില്ല. പോലീസിനെ ആക്രമമിക്കാന്‍ ശ്രമിച്ച 13 നായ്ക്കളെ പോലീസ് വെടിവെച്ചു കൊന്നു. രണ്ടെണ്ണത്തിനെ മറ്റ് നായ്ക്കള്‍ വകവരുത്തി. മൂന്ന് നായ്ക്കള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് പോലീസ് പറയുന്നു.