ബോട്ട് മുങ്ങി കടലില്‍ വീണ മത്സ്യതൊഴിലാളി നാലാം ദിവസം രക്ഷപ്പെട്ടു

കൊല്‍ക്കത്ത: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളി രബീന്ദ്ര ദാസ് നാലാം ദിവസം ജീവനോടെ കരയ്‌ക്കെത്തി. ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര ദാസിനെ രക്ഷപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ ദാസ് 600 മീറ്റര്‍ അകലെ സ്വന്തം നാടായ ബംഗാളിലെ കാക് വിപ്പിലാണ് എത്തിപ്പെട്ടത്.

മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന് രബീന്ദ്രദാസിന്റേത് ഉള്‍പ്പടെ നൂറിലധികം മത്സ്യബന്ധന ബോട്ടുകളാണ് കടലില്‍ പോയത്. കൊടുക്കാറ്റില്‍ എല്ലാ ബോട്ടുകളും മുങ്ങിപോയി. 1300 മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശി ബോട്ടുകള്‍ രക്ഷപ്പെടുത്തി. അതേസമയം രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന 25 പേരെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല. വെള്ളത്തില്‍ നീന്തിയും ഒഴുകിയും നാലാം ദിവസം രബീന്ദ്രദാസ് രക്ഷപ്പെട്ടതോടെ കാണാതായ മറ്റ് 24 പേരും ജീവനോടെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എഫ് ബി സയന്‍ 1 എന്ന ബോട്ടില്‍ ഉണ്ടായുരുന്ന ഒരാളെ കപ്പലിലെ ജീവനക്കാര്‍ ചിറ്റ്‌ഗോങ് തീരത്ത് വച്ച് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.