മരട് വിഷയം: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

. മറ്റന്നാള്‍ വൈകീട്ട് മൂന്ന് മണിക്കാണ്
മരട് വിഷയം: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു മുഖ്യമന്ത്രി. മറ്റന്നാള്‍ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം.

അതേസമയം ഈ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ് മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍. ഫ്‌ളാറ്റ് വിഷയവുമായി തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞുകൊണ്ട് നിര്‍മ്മാതാക്കള്‍ നഗരസഭയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഫ്‌ളാറ്റ് ഒഴിയണമെന്ന് കാണിച്ച് നഗരസഭ ഫ്‌ളാറ്റിന് മുന്നില്‍ ഒട്ടിച്ച നോട്ടീസിന് മറുപടി നല്‍കിയതായിരുന്നു ആല്‍ഫാ വെന്‍ച്വേഴ്സ്.

ഫ്‌ളാറ്റ്് നിയമാനുസൃതമാണ് ഉടമകള്‍ക്ക് കൈമാറിയത്. പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഉടമകള്‍ തന്നെയാണ് നികുതി അടയ്ക്കുന്നത്. അതിനാല്‍ നഗരസഭ എന്തിനാണ് നോട്ടീസ് നല്‍കിയത് എന്നാണ് നിര്‍മ്മാതാക്കളുടെ ചോദ്യം.സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നിയമലംഘനം നടത്തിയ കെട്ടിടമുടമകളില്‍ നിന്ന് ഫ്‌ളാറ്റിലെ കുടുംബങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരം ഈടാക്കണമെന്ന നിര്‍ദേശം പരിഗണിക്കാനിരിക്കെയാണ് നിര്‍മ്മാതാക്കളുടെ കൈമലര്‍ത്താല്‍.