പാലാരിവട്ടം പാലം പൊളിച്ചു പണിയും; മേല്‍നോട്ടം ഇ ശ്രീധരന്

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയാന്‍ സര്‍ക്കാര്‍ തീരുമാനം
പാലാരിവട്ടം പാലം പൊളിച്ചു പണിയും; മേല്‍നോട്ടം ഇ ശ്രീധരന്

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. മെട്രോമാന്‍ ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യമറിയിച്ചത്. ഒക്ടോബര്‍ ആദ്യവാരം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ചെന്നൈ ഐഐടിയും ഈ ശ്രീധരനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ചെന്നൈ ഐഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ അത് തള്ളിക്കളയുകയായിരുന്നു. നിര്‍മ്മാണത്തിന് വൈദഗ്ധ്യമുള്ള ഒരു ഏജന്‍സിയെ നിയമിക്കും. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സി ഉണ്ടാകും. പൊതുവായ മേല്‍നോട്ടം വഹിക്കാന്‍ ഇ.ശ്രീധരനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുതിയ പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയും ശ്രീധരന്‍ തയ്യാറാക്കും. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മ്മാണമാണ് കൂടുതല്‍ ഉചിതവും പ്രയോഗികവുമെന്നാണ് ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലം പൊളിച്ച് പണിയേണ്ടി വരുമ്‌ബോള്‍ വൈറ്റില- ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തു.