നിയമങ്ങൾ മറികടന്ന് ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്​കാരം രണ്ട്​ വനിതകള്‍ പങ്കിട്ടു

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിട്ടത് കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോയും ചേർന്ന്. മാര്‍ഗരറ്റ് അറ്റ്​വുഡ്​​ രചിച്ച ‘ദി ടെസ്റ്റ്മെന്‍റ്​’, ബെര്‍നാര്‍ഡിന്‍ എവരിസ്റ്റോയുടെ ‘ഗേള്‍ വുമണ്‍ അദര്‍’ എന്നീ കൃതികൾക്കാണ്​ പുരസ്​കാരം ലഭിച്ചത്​. ഇത് ആദ്യമായാണ്​ രണ്ട്​ പേര്‍ ഒന്നിച്ച്‌​ ബുക്കര്‍ പുരസ്​കാരം പങ്കിടുന്നത്​.

ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് ജൂറി ഇത്തവണ രണ്ട് വനിതകള്‍ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രണ്ട്​ കൃതികളില്‍ മികച്ച ഒരെണ്ണം കണ്ടെത്താന്‍ സാധിക്കാതെ പോയതാണ്​ പുരസ്​കാരം പങ്കിട്ട്​ നല്‍കിയതെന്ന്​ ജൂറി വ്യക്തമാക്കി. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44 ലക്ഷത്തോളം രൂപ)  ഇരുവരും ചേര്‍ന്ന് പങ്കിടും.

19 വയസ്സ്​ മുതല്‍ 93 വയസ്സ്​ വരെ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് ഗേള്‍ വുമണ്‍ അദറില്‍ പറയുന്നത്. ബുക്കര്‍ പുരസ്​കാര ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-ബ്രിട്ടീഷ്​ എഴുത്തുകാരി കൂടിയാണ്​ എവരിസ്റ്റോ. കനേഡിയന്‍ എഴുത്തുകാരിയാണ് ​മാര്‍ഗരറ്റ് അറ്റ്​വുഡ്​. ബ്ലൈന്‍ഡ്​ അസ്സാസിന്‍ എന്ന കൃതിയിലൂടെ​ 2000ത്തില്‍ അറ്റ്​വുഡിന്​ പുരസ്​കരം ലഭിച്ചിരുന്നു. ബുക്കര്‍ പുരസ്​കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ എഴുത്തുകാരിയും​ രണ്ട്​ തവണ ബുക്കര്‍ പുരസ്​കാരം നേടുന്ന നാലാമത്​ എഴുത്തുകാരിയുമാണ്​ 79 വയസ്സുക്കാരിയായ മാര്‍ഗരറ്റ്​ അറ്റ്​വുഡ്​.

2018 ഒക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെ ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച 151 നോവലുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ പട്ടിക തയ്യാറാക്കിയത്. ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റായ സൽമാൻ റുഷ്ദിയും അവസാന പട്ടികയിൽ ഇടം നേടിയിരുന്നു.

Content highlights: Atwood and Evaristo jointly awarded the Booker prize together.