സി.പി.ഐ (മാവോയിസ്‌റ്റ്) ലോകത്തിലെ ആറാമത്തെ ഭീകര സംഘടനയെന്ന് അമേരിക്ക

സി.പി.ഐ (മാവോയിസ്‌ററ്) സംഘടന ലോകത്തിലെ തന്നെ ആറാമത്തെ ഭീകരസംഘടനയെന്ന് അമേരിക്ക. യു.എസ്.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റെ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ നടത്തിയ സംഘടനയും സി.പി.ഐ (മാവോയിസ്‌റ്റ്) ആണെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഭീകരസംഘടനയുടെ പട്ടികയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തിയിരിക്കുന്നത് താലിബാനെയാണ്. ഐഎസ്, അല്‍ ഷഹാബ് (ആഫ്രിക്ക) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. 2018 ലെ ഭീകരാക്രമണങ്ങള്‍ പരിഗണിച്ചാണ് അമേരിക്ക ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. ഇന്ത്യ തീവ്രവാദ ഭീകരാക്രമണത്തില്‍ നാലാം സ്ഥാനത്താണുള്ളത് ഇതില്‍ ജമ്മുകാശ്മീരില്‍ നിന്നുമാത്രം 57 ശതമാനം തീവ്രവാദ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജമ്മുകാശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡ് ആണ് തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത് തൊട്ടുപിന്നാലെ മണിപ്പൂരുമാണുള്ളത്. 311 പേരെയാണ് സി.പി.ഐ (മാവൊയിസ്‌ററ്) സംഘടന 177സംഭവങ്ങളിലായി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത് എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 883 ആക്രമണങ്ങളിലായി 240 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാലിതുവരെ ഈ വൈരുദ്ധ്യത്തോട് മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 971 ആളുകളാണ് തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.