ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക്

പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങള്‍ ഇസ്രയേലില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാന്‍, ചൈന വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കാന്‍ സജ്ജമാണെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ അറിയിച്ചിരുന്നു. ആയുധം വഹിക്കാന്‍ ശേഷിയുള്ള 10 ഹെറോണ്‍ ഡ്രോണുകളാണ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. 40 കോടി ഡോളര്‍ കണക്കാക്കപ്പെടുന്ന ഇടപാടിന് അന്തിമരൂപം നല്‍കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് കരാര്‍ ഒപ്പിട്ടത്.

1 ടണ്‍ പേലോഡ് വഹിക്കാന്‍ കഴിയുന്ന 85 അടി ചിറകുള്ള ഇസ്രയേലിലെ ഏറ്റവും വലിയ ആളില്ലാ ആകാശ വാഹനമായ ഹെറോണ്‍ ടിപി വായുവില്‍ നിന്ന് ഉപരിതലത്തിലേക്ക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ പ്രാപ്തമാണ്. ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോണ്‍. 35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച്‌ കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും. ഹെറോണ്‍ ഡ്രോണിന് 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ വരെ ശേഷിയുള്ളതാണ് ഹെറോണ്‍. ഇസ്രയേല്‍ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോണ്‍. ഫ്രാന്‍സ്, തുര്‍ക്കി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്.

ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താന്‍ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങള്‍ തല്‍സമയം പകര്‍ത്തി കമാന്‍ഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കാനും കഴിവുള്ളതിനാൽ ഭീകരര്‍ക്കെതിരെ കൃത്യമായി തിരിച്ചടിക്കാന്‍ കമാന്‍ഡോകള്‍ക്ക് കഴിയും. ഭീകരരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഹെറോണ്‍ ടെക്നോളജിക്ക് സാധിക്കുന്നതിനാല്‍ തന്ത്രപരമായി മിഷന്‍ നടത്താ൦. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കമാന്‍ഡോകള്‍ക്ക് വലിയ സഹായമായാണ്.

പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ ഭീകരരുടെ നീക്കത്തെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ആളില്ലാ വിമാനങ്ങള്‍ നല്‍കിയിരുന്നു. ഇരുട്ടില്‍ മനുഷ്യൻറെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങള്‍.

Content highlight; Israel to supply missile defense system to India