കേബിള്‍ കാറുകള്‍ ഇനിമുതല്‍ വയനാട്ടിലും

cable cars in Wayanad

വയനാട് ചുരത്തിലെ യാത്രക്ലേശം പരിഹരിക്കുന്നതിനും വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വയനാട് ചുരത്തിന് സമാന്തരമായി കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നു. അടിവാരം മുതല്‍ ലക്കിടി വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍ദിഷ്ട റോപ് വേ പദ്ധതി തയാറാക്കുക. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകള്‍ ഉള്ളതുമായിരിക്കും കേബിള്‍ കാറുകള്‍.

കോഴിക്കോട് കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ നാല്‍പതോളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ തയാറാക്കുക. 15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാവും. ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനും കഴിയും. കേബിള്‍ കാര്‍ പദ്ധതി വരുന്നതോടെ ചുരത്തിലെ തിരക്ക് കുറക്കാനാകുമെന്നാണ് വിശ്വാസം.

യോഗത്തില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ, ഇരു ജില്ലകളിലെയും ഡിടിപിസി അധികൃതര്‍, വനം, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ അവതരിപ്പിക്കും.

Content highlight: cable cars in Wayanad