ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക്‌ കുത്തനെ കൂട്ടുന്നു

price hike in Indian railway

ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക്‌ കുത്തനെ കൂട്ടുന്നു. എട്ട്‌ മുതൽ പത്ത്‌ ശതമാനം വരെ വർധിപ്പിക്കാനാണ്‌ നീക്കം. ചരക്കു നിരക്ക്‌ വർധിപ്പിക്കില്ല. പുതിയ നിരക്ക് ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും. ഇതിന്‌ പ്രധാനമന്ത്രി കാര്യാലയം അനുമതി നല്‍കി.

2014ൽ യാത്രാനിരക്ക്‌ 14.2 ശതമാനവും ചരക്കുനിരക്ക്‌ 6.5 ശതമാനവും കൂട്ടിയിരുന്നു. രാജധാനി, തുരന്തോ, ശതാബ്‌ദി ട്രെയിനുകളുടെ നിരക്ക്‌ തിരക്കിനനുസരിച്ച്‌ വർധിക്കുന്ന ഫ്‌ളെക്‌സി രീതിയിലേക്കും മാറ്റിയിരുന്നു. എന്നിട്ടും 2015 -16 സാമ്പത്തിക വർഷം മുതൽ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കടക്കുകയുണ്ടായി. റെയിൽവേയുടെ ആസ്‌തി വിൽപ്പനയും സ്വകാര്യവൽക്കരണവും വ്യാപകമാക്കിയിട്ടും പ്രതിസന്ധി പരിഹരിക്കാനാകുന്നിലെന്നും റെയിൽവേയുടെ ധനസ്ഥിതി പരിതാപകരമാണെന്നും സിഎജി കഴിഞ്ഞ ദിവസം പാർലമെൻ്റില്‍ റിപ്പോര്‍ട്ടുവച്ചിരുന്നു.

നടപ്പുസാമ്പത്തിക വർഷം ഒക്ടോബർ വരെ യാത്രാ, ചരക്ക് നിരക്കിലും മറ്റ്‌ ഇനങ്ങളിലും വരുമാനം ലക്ഷ്യമിട്ടതിനെക്കാൾ 19,000 കോടി രൂപ കുറയുകയും ചെലവ് ലക്ഷ്യമിട്ടതിലും നാലായിരം കോടി അധികവുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലേതിനേക്കാൾ 571.47 കോടിയുടെ ഇടിവുണ്ടായി.

നടപ്പുവർഷം ആദ്യ ഏഴുമാസത്തെ പ്രതീക്ഷിച്ച പ്രവർത്തനച്ചെലവ്‌ 97,264.73 കോടി രൂപയാണ്. എന്നാൽ, ഇത്‌ 1,01,363.90 കോടി രൂപയായി. പ്രവർത്തനം മോശമായതോടെ റെയിൽവേക്ക്‌ വരുമാനത്തിൽ കവിഞ്ഞ തുക ചെലവാക്കേണ്ട അവസ്ഥയാണുള്ളത്‌. നൂറുരൂപ വരുമാനത്തിനായി 108 രൂപയാണ്‌ മുടക്കേണ്ടിവരുന്നത്‌.

Content Highlights; Rajdhani, Shatabdi, Duronto train fares to get a price hike