ചാന്ദ്രയാൻ 3 അടുത്തവർഷം തന്നെ, ലാൻഡർ കരുത്തനാകും; 75 കോടി അധികം പണം അനുവദിക്കണമെന്ന് ഐഎസ്ആർഒ

chandrayaan 3

അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ കേന്ദ്ര സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിലേതിനെക്കാൾ 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം.

ചന്ദ്രൻറെ ദക്ഷിണ ദ്രുവത്തിൽ ഇറങ്ങാനും അവിടെ യന്ത്രമനുഷ്യനെ അല്പദൂരം നടത്തി അതിലൂടെ സവിശേഷ പരീക്ഷണങ്ങൾ ചന്ദ്രനിൽ നടത്താനുമായിരുന്നു ഐഎസ്ആർഒയുടെ ലക്ഷ്യം. എന്നാൽ വിക്രം ലാൻഡർ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ വീണതോടെ ദൗത്യം പരാജയമായി. ദൗത്യത്തിന്റെ ഭാഗമായ ചന്ദ്രയാൻ 2 പേടകം ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ സന്ദേശങ്ങളും ലഭിക്കുന്നുണ്ട്.

ഗഗൻയാനിൻറെ ഒരുക്കങ്ങൾ നടക്കുന്നതുകൊണ്ടാണ് മൂന്നാം ചന്ദ്രയാൻ വിക്ഷേപണം അടുത്ത നവംബർ വരെ നീളുക. രണ്ടാം ചാന്ദ്ര ദൗത്യത്തിൻറെ സൗകര്യങ്ങൾ തന്നെയാണ് മൂന്നാം ദൗത്യത്തിനും ഉപയോഗിക്കുന്നത്. പേടകം, യന്ത്രഭാഗങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാണ് സമയമെടുക്കുന്നത്. ഇതിനു പുറമെ രണ്ടാം ചാന്ദ്രദൗത്യത്തിൽ റോവറിനും ലാൻഡറിനും പ്രവർത്തിക്കാൻ കഴിയാതിരുന്നതിൻറെ കാരണങ്ങൾ അപഗ്രഥിച്ച് അവ പരിഹരിക്കാനുളള വിദഗ്ധസമിതിയുടെ നിർദ്ദേശങ്ങളും മൂന്നാം ദൗത്യത്തിൽ നിർണായകമാകും.

മൂന്നാം ചാന്ദ്രദൗത്യത്തിൽ ലാൻഡർ കൂടുതൽ കരുത്തനാകും. സോഫ്റ്റ് ലാൻഡിംഗിനായി നേരത്തെ തയ്യാറാക്കിയ ലാൻഡർ മറിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ സോഫ്റ്റായി ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നേരെ നിൽക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ ഉറപ്പുള്ള ലാൻഡറാണ് പുതിയ ദൗത്യത്തിന് ഒരുക്കുക.

Content highlight; ISRO seeks additional funding for chandraayan-3 mission in November 2020