മുന്നോക്ക വിഭാഗത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം; കമ്മീഷൻ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ

reservation recommendation approved

മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ മന്ത്രസഭായോഗം അംഗീകരിച്ചത്.

നിലവിൽ സംവരണമില്ലാത്തവർക്കും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവർക്കുമാണ് സംവരണത്തിൻ്റെ ആനുകൂല്യമുണ്ടാകുന്നത്. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പ്പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഇക്കാര്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. സംസ്ഥാന സർവീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ തീരുമാനിക്കും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടേറിയ​റ്റിൽ പരിശോധനാ സെൽ രൂപീകരിക്കുന്നതായിരിക്കും.

Content Highlight: reservation commission recommendation approved by the Kerala government