ടി.വി ചാനൽ നിരക്കുകൾ കുറയ്ക്കാൻ വീണ്ടും ‘ട്രായ്’

ടെലിവിഷൻ കാണുന്നതിനുള്ള ചെലവുകുറയ്ക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വീണ്ടും പരിശോധിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ നടപ്പാക്കിയ പുതിയ നിയമം എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനപ്പെട്ടില്ല എന്നതാണ് ഇതിനുപിന്നിൽ.

മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് കേബിൾ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലുള്ളവർ കൂടുതൽ തുക നൽകേണ്ട അവസ്ഥയാണ്. ഇതിനുപുറമെ കേബിൾ ഓപ്പറേറ്റർമാരുടെ വരുമാനവും കുത്തനെ കുറഞ്ഞു. ഇതെല്ലാം പരിഹരിച്ച് എല്ലാവർക്കും ഗുണകരമാകുന്നരീതിയിൽ നിരക്കുകൾ നിജപ്പെടുത്തുക എന്നതാണ് ‘ട്രായി’യുടെ ലക്ഷ്യം. കേബിൾ, ഡി.ടി.എച്ച്. കമ്പനികളുടെയും മറ്റും അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടായിരിക്കുമിത്. അതിനുമുമ്പ്, നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ചെയർമാൻ ആർ.എസ്. ശർമ എക്കണോമിക്ക് ടെെംസിനോട് പറഞ്ഞു.

പുതിയ നിയമപ്രകാരം ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുത്ത് അതിനുമാത്രം പണം നൽകാമായിരുന്നു. നൂറു ചാനലുകൾക്ക് കുറഞ്ഞത് 130 രൂപയും നികുതിയുമാണ് നിരക്ക്. പേ ചാനലുകൾക്ക് അതിന്റെ തുക വേറെ നൽകണം. ഇതോടെ ഉപഭോക്താക്കൾ പല പേ ചാനലുകളും ഒഴിവാക്കുകയുംചെയ്തു. കൂടുതൽ വരിക്കാരുള്ള ഡി.ടി.എച്ച്. കമ്പനികളെ ഇത് എത്രമാത്രം ബാധിച്ചു എന്നറിവായിട്ടില്ല.

എന്നാൽ ചെറുകിട കേബിൾ ഓപ്പറേറ്റർമാരുടെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടുള്ള പുതിയ മാർഗം കണ്ടെത്തുക എന്നതാണ് ‘ട്രായി’ക്കുമുന്നിലുള്ള വെല്ലുവിളി.

LEAVE A REPLY

Please enter your comment!
Please enter your name here