കൊവിഡ് 19 വെെറസിൻ്റ ആകൃതിയിലുള്ള ഉമ്മത്തിൻ കായ അരച്ച ദ്രാവകം കുടിച്ച് ആന്ധ്രാപ്രദേശിൽ അഞ്ച് കുട്ടികൾ മരിക്കാനിടയായി. വെള്ളനിറമുള്ള പൂക്കളുള്ള നമ്മുടെ നാട്ടിൽ സാധാരണമായി കാണുന്ന ഉമ്മത്തിൻ കായക്ക് കൊവിഡ് എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്നുള്ള വ്യാജ പ്രചാരണങ്ങൾ ഈ കൊവിഡ് കാലത്ത് നടക്കുന്നുണ്ട്. എന്നാൽ ഉമ്മത്തിൻ കായ എങ്ങനെയാണ് ആളെക്കൊല്ലി ആവുന്നതെന്ന് ഡോ. പി.എസ്. ജിനേഷ് വ്യക്തമാക്കുന്നു
ഫലത്തിൻ്റെ ആകൃതി കാരണം thorn apple /devil’s apple എന്നൊക്കെ നാട്ടുഭാഷയിൽ വിളിക്കുന്ന വെള്ള, പർപ്പിൾ നിറത്തിലുള്ള പൂക്കളുള്ള ഉമ്മത്തിൻ കായ അത്ര നിസാരക്കാരൻ അല്ല. ഫലത്തിൻ്റെ ഉള്ളിലെ മുളക് കുരുക്കൾക്ക് സാമ്യമുള്ള കുരുക്കൾക്ക് 24 മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ്റെ ജീവനെടുക്കാൻ കഴിയും. 0.6 – 1 gm കുരുകൾ ഉള്ളിൽ ചെന്നാൽ മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കാം. ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറഞ്ഞ ഡോസിൽ നൽകിയാൽ കഴിക്കുന്നയാൾ അബോധാവസ്ഥയിലാകും. ഈ സ്വഭാവം ഉള്ളതുകൊണ്ട് പണ്ട് കിഡ്നാപ്പ് ചെയ്യുന്നതിനും ട്രെയിനിൽ മോഷണത്തിനും ഒക്കെ ഇത് ഉപയോഗിച്ചിരുന്നു. ഉമ്മത്തെ വിഷമാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ ആണ്. പ്രധാനമായും atropine, hyosine, hyosinamine എന്നിവ. ഇവ തലച്ചോറിനെ ആദ്യം ഉത്തേജിപ്പിക്കുകയും പിന്നീട് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് മെഡുല്ലയിലെ പ്രധാന സെൻ്ററുകളിൽ പരാലിസിസ് ഉണ്ടാവുന്നു. തുടർന്ന് മരണം സംഭവിക്കാൻ വരെ സാധ്യതയുണ്ട്.
ഇവ കഴിക്കുമ്പോൾ കയ്പുരസം ആണ്. വായ ഉണങ്ങി വരളുകയും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ശബ്ദം കൂടുതൽ പരുഷമാകുന്നു. ആമാശയത്തിൽ (വയറ്റിൽ) പൊള്ളുന്ന പോലുള്ള വേദന ആരംഭിക്കുകയും ശർദ്ദിക്കാൻ തോന്നുകയും ചെയ്യുന്നു. ത്വക്ക് വരണ്ട് ചുവക്കുന്നു. കൃഷ്ണമണി വികസിക്കുകയും കാഴ്ച ബുദ്ധിമുട്ട് ആവുകയും ചെയ്യുന്നു. തുടർന്ന് കൈകാലുകളിൽ പരാലിസിസ് വരാൻ സാധ്യതയുണ്ട്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. ആദ്യം പൾസ് കൂടുകയും പിന്നീട് ശക്തി കുറഞ്ഞ് ക്രമരഹിതം ആവുകയും ചെയ്യുന്നു. ശ്വസന പ്രക്രിയ വേഗത്തിലാക്കുകയും പിന്നീട് മന്ദീഭവിക്കുകയും ചെയ്യുന്നു. മദ്യപിച്ച പോലുള്ള നടത്തം. ഡെലീറിയം അവസ്ഥയിൽ എത്താനുള്ള സാധ്യതയുമുണ്ട്. തുടർന്ന് കോമയും അപസ്മാരവും ഉണ്ടാവാം. റെസ്പിറേറ്ററി പരാലിസിസ് ആണ് മരണകാരണം.
ആരെങ്കിലും ഇത് കഴിച്ചു എന്നറിഞ്ഞാൽ എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. കാരണം 24 മണിക്കൂറിനകം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ആശുപത്രിയിൽ എത്തിയാൽ ആമാശയം കഴുകുന്നത് മുതലുള്ള ചികിത്സാരീതികൾ. തുടർന്ന് പല മരുന്നുകളും ആവശ്യമായിവരും. ചിലപ്പോഴൊക്കെ നൂതന സപ്പോർട്ടീവ് കെയർ സൗകര്യങ്ങളും വേണ്ടിവരും.ഉമ്മം മൂലം കൊലപാതകങ്ങളും ആത്മഹത്യകളും അപൂർവമാണ്. പക്ഷേ, ആക്സിഡൻ്റൽ പോയ്സണിംഗ് ധാരാളം സംഭവിക്കുന്നുണ്ട്. അതുപോലെതന്നെ അശാസ്ത്രീയമായ ഉപയോഗവും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗർഭം അലസിപ്പിക്കാൻ ഉപയോഗിക്കുന്നതിലൂടെ മരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
content highlights: can thorn fruit fight against covid 19 ?