സാലറി ചലഞ്ച്; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ വേണ്ടിവന്നേക്കാമെന്ന് വ്യക്തമാക്കി. ഓര്‍ഡിനന്‍സ് നിയമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇപ്പോള്‍ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തേ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ഉത്തരവുണ്ടായാല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പാവപ്പെട്ടവരാകും കഷ്ടത്തിലാവുക. സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ അവകാശമുണ്ട്. നിയമനിര്‍മാണം നടത്താമെന്ന് ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓര്‍ഡിനന്‍സെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പിടിച്ച ശമ്പളം തിരികെ നല്‍കുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് അക്കാര്യം ഓര്‍ഡിനന്‍സില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു മറുപടി. ആറു മാസത്തിനകം ശമ്പളം തിരികെ നല്‍കുന്നത് എപ്പോഴാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Content Highlight: No stay imposed on salary Ordinance by Kerala Government