പാലക്കാട് ഗാന്ധിപ്രതിമക്ക് മുകളിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ; പ്രതിഷേധം

BJP flag on Gandhi statue in Palakkad municipality

പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ. ഗാന്ധി പ്രതിമയിൽ പതാക കണ്ടതിനെ തുടർന്ന് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ പൊലീസ് എത്തി കൊടി നീക്കം ചെയ്തു. ഇന്ന് രാവിലെ നഗരസഭയി സ്റ്റാൻ്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കവേയായിരുന്നു സംഭവം

ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് കൊടി കെട്ടിയിരുന്നത്. ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. കൊടി നീക്കം ചെയ്തുവെങ്കിലും കോൺഗ്രസ് പ്രവർത്തകർ നഗരസഭ ചെയർപേഴ്സണിൻ്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം തുടർന്നു. പാലക്കാട് നഗരസഭയിൽ ജയിച്ചപ്പോൾ ശ്രീരാമൻ്റെ ചിത്രം തൂക്കിയ ബിജെപി ഇന്ന് ഗാന്ധിയെ അപമാനിച്ചെന്നും ഇത് അനുവദിച്ച് തരാൻ കഴിയില്ലെന്നും ഡിവെെഎഫ്ഐ പ്രതികരിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തിയവർ ഇപ്പോൾ അദ്ദേഹത്തിൻ്റെ പ്രതിമയിൽ കാവിപ്പതാക പുതപ്പിച്ചിരിക്കുകയാണെന്നും ഡിവെെഎഫ്ഐ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് നഗരസഭയിൽ ജയ്ശ്രീറാം എന്നെഴുതിയ ഫ്ലക്സ് തൂക്കിയത് ഏറെ വിവാദമായിരുന്നു. ബിജെപി നഗരസഭയിൽ കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്നായിരുന്നു നടപടി. 

content highlights: BJP flag on Gandhi statue in Palakkad municipality