മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമുള്ള രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്.

വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണ്. കോവിഡ് വാക്‌സിനെതിരേയുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയ മന്ത്രിമാരും കഴിഞ്ഞ ദിവസം വാക്‌സിനെടുത്തിരുന്നു.

content highlights: CM Pinarayi Vijayan received Covid Vaccine