Home INTERNATIONAL കോവിഡ് -19 : കുവൈറ്റില്‍ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

കോവിഡ് -19 : കുവൈറ്റില്‍ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് -19 സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരില്‍ നാല്‍പ്പത്തിരണ്ട് പേര്‍ ഇന്ത്യക്കാരെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ വൈറസ് ബാധിച്ച ആകെ ഇന്ത്യക്കാരുടെ എണ്ണം നൂറ്റി പതിനഞ്ചായി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുവൈറ്റില്‍ 75 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചെന്ന് കണ്ടെത്തിയെന്നും ഇതോടെ രോഗികളുടെ എണ്ണം 417 ആയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികമുള്ള വിദേശി സമൂഹമാണ് ഇന്ത്യന്‍ പൗരന്മാര്‍. അതിനാല്‍ കൊവിഡ് 19 ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് സ്വദേശികളിലും വിദേശികളിലും ആശങ്കയ്ക്ക് കാരണമാകുന്നു. 42 ഇന്ത്യക്കാര്‍ക്ക് പുറമെ, 11 കുവൈത്ത് പൗരന്മാര്‍, 10 ബംഗ്ലാദേശ് പൗരന്മാര്‍, 8 ഈജിപ്ത് പൗരന്മാര്‍ ഒരു നേപ്പാള്‍ പൗരന്‍, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുടെ എണ്ണം. 26 ഇന്ത്യക്കാര്‍, 4 കുവൈറ്റികള്‍, 3 ബംഗ്ലാദേശികള്‍, മൂന്നു ഈജിപ്തുകാര്‍ എന്നിവര്‍ക്ക് വൈറസ് ബാധയേറ്റത് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ്.

നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവില്‍ 335 പേര്‍ ചികിത്സയിലാണ്. ഇതില്‍ പതിനാറു പേര്‍ തീവ്രപരിചരണവിഭാഗത്തിലാണെന്നും, 911 പേര്‍ നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlight: Number of Indians confirmed Covid in Kuwait increasing

NO COMMENTS