കൊവിഡ് വൈറസിന്റെ പുതിയ വകഭേദം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വ്യാപനം പിടിച്ചു കെട്ടാനാകുമെന്ന് ലോകാരോഗ്യ സംഘടന

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്നും നിലവില്‍ കൈകൊണ്ട നടപടിക്രമങ്ങള്‍ ഉപയോഗിച്ച് പിടിച്ചുകെട്ടാനാകുമെന്നും ലോകാരോഗ്യ സംഘടന. 70 ശതമാനം അധികമാണ് പുതിയ വൈറസ് വകഭേദത്തിന്റെ പകരാനുള്ള ശേഷി. ബ്രിട്ടനില്‍ നിരവധി പേര്‍ക്കാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിരവധി അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസുകളെ മഹാമാരിയുടെ വിവിധ ഘട്ടങ്ങളില്‍ കണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്തതായി ഡബ്ല്യു.എച്ച്.ഒ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ റയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘നിലവിലെ അവസ്ഥയും നിയന്ത്രണാതീതമല്ല. എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ മുന്‍കരുതലോടെ നടപടി എടുക്കേണ്ടതുണ്ട്. നിലവില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് വേണ്ടത്. അത് കുറച്ചുകൂടി തീവ്രതയോടെ ഇനി ചെയ്യേണ്ടിവരും. ഈ വൈറസിനെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മൈക്കല്‍ റയാന്‍ പറഞ്ഞു. നേരത്തെ ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പുതിയ വൈറസ് നിയന്ത്രണാതീതമാണെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവന.

ബ്രിട്ടനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങള്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബ്രിട്ടനില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്താനിരുന്ന നിരവധി പേര്‍ ബ്രിട്ടനില്‍ കുടുങ്ങി.

Content Highlight: WHO to control variant of Corona Virus present in UK