രണ്ട് വര്‍ഷം മുന്‍പ് ഗോരക്ഷകര്‍ തല്ലിക്കൊന്ന കര്‍ഷകനെതിരെ ഇപ്പോള്‍ പശുകടത്തിന് കേസ്

രാജസ്ഥാനില്‍ ഗോരക്ഷകര്‍ മര്‍ദിച്ചു കൊന്ന കര്‍ഷകനെതിരെ പശുവിനെ കടത്തിയതിന്റെ പേരില്‍ പുതിയ കേസ്. 2017 ലാണ് ഗോരക്ഷകര്‍ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്ലുഖാന്‍ എന്ന കര്‍ഷകനെ മര്‍ദ്ദിച്ചു കൊന്നത്. പെഹ്ലുഖാനും രണ്ട് മക്കളും ചേര്‍ന്ന് ജയ്പൂരില്‍ നിന്നും ഹരിയാനയിലേക്ക് പശുക്കളുമായി പോകുന്നതിനിടെ ജയ്പുര്‍-ഡല്‍ഹി ദേശീയപാതയിലാണ് ഗോരക്ഷകര്‍ തടഞ്ഞത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

രണ്ട് ദിവസത്തിനു ശേഷം ആശുപത്രിയിലാണ് പെഹ്ലുഖാന്‍ മരിച്ചത്. മര്‍ദനവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ജില്ല കലക്ടറുടെ അനുമതിയില്ലാതെ പശുവിനെ കൊണ്ടുപോയെന്നാരോപിച്ച് പെഹ്ലുഖാനെതിരെയും പോലീസ് കേസെടുത്തു. പെഹ്ലുഖാന്‍ മരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കും. എന്നാല്‍ മക്കള്‍ക്കെതിരെയുള്ള കേസ് തുടരും.

മര്‍ദനത്തില്‍ പ്രതികളായ എട്ടുപേര്‍ക്കും ജാമ്യം ലഭിച്ചു. രണ്ടുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഗോരക്ഷകര്‍ വണ്ടി തടഞ്ഞപ്പോള്‍ രേഖകളെല്ലാം അവരെ കാണിച്ചതാണെന്ന് മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. എന്നാല്‍ രേഖകളെല്ലാം കീറിക്കളഞ്ഞ് ഗോരക്ഷകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും ഇര്‍ഷാദ് പറഞ്ഞു.