ആഗ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം

ലഖ്നോ: ആഗ്രയിലെ എക്സ്പ്രസ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ച ആറുമണിയോടെയാണ് അപകടമുണ്ടായത്. ലഖ്നോവില്‍നിന്നും ഡല്‍ഹി ആനന്ദ് വിഹാറിലേക്കു പോവുകയായിരുന്ന ഡബിള്‍ഡക്കര്‍ ബസ്സാണ് നിയന്ത്രണംവിട്ട് 50 അടി താഴ്ചയുള്ള കനാലിലേക്ക് പതിച്ചത്. 44 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.

അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പോലിസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി. മുങ്ങല്‍വിദഗ്ധരുടെയും എക്സ്‌കവേറ്റിന്റെയും സഹായത്താലാണ് യാത്രക്കാരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

അപകടത്തിന്റെ യഥാര്‍ഥ കാരണമെന്തെന്ന് ഡ്രൈവറില്‍നിന്ന് അറിയാനുള്ള ശ്രമത്തിലാണ് പോലിസ്. ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here