ഹമീദ് അൻസാരിക്കെതിരെ ആരോപണവുമായി മുൻ റോ ഉദ്യോഗസ്ഥൻ

ന്യൂഡല്‍ഹി: ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി ‘റോ’യുടെ വിവരങ്ങള്‍ പുറത്തു വിടുകയും അത് ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന ആരോപിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ റോയിലെ മുന്‍ ഓഫീസറായ സൂദ്. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം.
ഹമീദ് അന്‍സാരി 1990- 92ല്‍ ടെഹ്‌റാനില്‍ അംബാസിഡര്‍ ആയിരുന്നപ്പോള്‍ അവിടെ റോ ഓഫീസറായിരുന്നു സൂദ്.
കാശ്മീരില്‍ ഭീകരാക്രമണത്തിന് ഇറാനില്‍ നിന്നും സഹായം ഉണ്ടെന്ന കാര്യം റോ നീരീക്ഷിക്കുന്നുവെന്ന വിവരം അന്‍സാരിയില്‍ നിന്നും ഇറാന്‍ അറിയുകയും അത് ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് പ്രയോജനപ്പെടുത്തിയെന്നും സൂദ് കത്തില്‍ പറയുന്നു. മാത്രമല്ല ഇന്ത്യന്‍ എംബസിയിലേയും റോയിലേയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ട് പോയപ്പോഴും ഇന്ത്യക്കു വേണ്ടി അന്‍സാരിയില്‍ നിന്നും പ്രതികരണമുണ്ടായില്ലെന്നും പരാതി ഉണ്ട്. റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ക്കുന്നതിന് അന്നത്തെ ഐബി അഡീഷണല്‍ സെക്രട്ടറിയായ രത്തന്‍  സെയ്ഗളും അന്‍സാരിയും ഒന്നിച്ചു നിന്നെന്നും ആരോപണം ഉണ്ട്.
സെയ്ഗള്‍ പിന്നീട് സിഐഎയ്ക്ക് രേഖ കൈമാറിയ സംഭവമുണ്ടായിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാതെ രാജിവച്ചു പോകാന്‍ അനുവാദം ലഭിച്ച അദ്ദേഹം ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയെന്നും കത്തില്‍ പറയുന്നു.