വാക്സിനേഷന്‍ നിര്‍ത്തിയാല്‍?

സമ്പൂര്‍ണ്ണ വാക്സിനേഷന്‍അനിവാര്യം
എന്തുകൊണ്ട് വാക്സിനേഷൻ

വാക്സിനേഷനെ കുറിച്ച് കപടശാസ്ത്ര പ്രചാരകര്‍ നമ്മളില്‍ പലരിലും ഒരുപാട് തെറ്റിധാരണകള്‍ കുത്തിനിറച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത് ഓട്ടിസത്തിനു കാരണമാകുമെന്നും ഈ മരുന്നുകളില്‍ വിഷാംശം ഉണ്ട്, അതുകൊണ്ട് അവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നിങ്ങനെ പോകുന്നു ഈ കൂട്ടരുടെ വാദങ്ങള്‍.


വാക്സിനുകള്‍ ഇല്ലാത്ത ലോകമാണ് കൂടുതല്‍ സുരക്ഷിതം എന്ന തെറ്റിധാരണ പുലർത്തുന്നരോട് ഒരു വാക്ക് – ഇല്ലാതായി എന്ന് വിശ്വസിക്കുന്ന ഏതൊക്കെ രോഗങ്ങള്‍ ആയിരിക്കും തിരികെ എത്തുക എന്നോ? അച്ചുകുത്ത് പിള്ളമാര്‍ വീട് തോറും കയറി ഇറങ്ങി ഭൂമുഖത്ത് നിന്ന് ഇറക്കി വിട്ട വസൂരി രോഗമൊക്കെ പൂര്‍വാധികം ശക്തിയോടെ തിരികെ വന്നാല്‍ എന്തായിരിക്കും അവസ്ഥ?
അഞ്ചാം പനി, ഡിഫ്തീരിയ, റുബെല്ല തുടങ്ങിയ രോഗങ്ങളെ ചെറുത്തു നില്‍ക്കുന്നതില്‍ വാക്സിനുകള്‍ വലിയ തോതില്‍ തന്നെ വിജയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അമേരിക്കയില്‍ നിന്നും മറ്റും ഈ വാക്സിനുകള്‍ നല്‍കി ഈ രോഗങ്ങളെ പൂര്‍ണമായും ഉന്മൂലനം ചെയ്തതിന്റെയും മറ്റും ധാരാളം തെളിവുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പറയാനുണ്ട്.

സാധാരണക്കാരുടെ ഇടയില്‍ പലപ്പോഴും കണ്ടു വരുന്ന ഒരു സംശയം ആണ് തുടച്ചു നീക്കി എന്ന അവകാശ വാദങ്ങള്‍ ഉന്നയിച്ചിട്ടും പിന്നെയും കാലങ്ങളോളം വാക്സിനുകള്‍ നല്‍കുന്നത് എന്തിനാണ് എന്നുള്ളത്. ഇനി ഒരിക്കലും രോഗം തലപൊക്കില്ല എന്ന് ഉറപ്പ് വരുന്ന കാലം വരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ട് പോകുക തന്നെ വേണം.

ഒരിക്കല്‍ മണ്മറഞ്ഞ രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഉള്ള അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന് അറിയാന്‍ ജപ്പാന്‍റെ അനുഭവം പരിശോധിക്കേണ്ടത് ഉണ്ട്. ജപ്പാനില്‍ വലിയ തോതില്‍ ഭീതി വിതച്ചു കൊണ്ടിരുന്ന വില്ലന്‍ ചുമയെ തുരത്തി ഓടിക്കാനായി 1974 ല്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും വാക്സിന്‍ എടുത്തു. അതുകൊണ്ട് അടുത്ത വര്‍ഷം ആകെ 393 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. അതില്‍ തന്നെ മരണം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തതുമില്ല. രോഗഭീതി വിട്ട് മാറിയതോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ വാക്സിനേഷന്‍ ക്രമാതീതമായി കുറഞ്ഞ് പത്ത് ശതമാനം മാത്രം ആയി മാറി. അതോടെ 1979 ല്‍ ഇത് അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുകയും കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും നാല്‍പ്പത്തൊന്നു പേര്‍ മരണപ്പെടുകയും ചെയ്തു. വീണ്ടും നിരന്തരവും കാര്യക്ഷമവുമായ വാക്സിനേഷന്‍ വീണ്ടെടുത്തതോടെ ആണ് രോഗ റിപ്പോര്‍ട്ടുകള്‍ കുറഞ്ഞത്‌.


വാക്സിന്‍ എടുക്കണ്ട എന്നതോ തങ്ങളുടെ കുട്ടിക്ക് വാക്സിന്‍ നല്‍കില്ല എന്നതോ ആയ തീരുമാനം വ്യക്തിഗതം അല്ലെ, അതില്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ ഇടപെടാന്‍ കഴിയും എന്ന ചോദ്യം സാധാരണ ഉയര്‍ന്നു വരാറുണ്ട് പ്രത്യേകിച്ചും മതപരമായ കാരണങ്ങള്‍ നിരത്തി വാക്സിന്‍ എടുക്കില്ല എന്ന് വാശി പിടിക്കുന്നവരുടെ ഇടയില്‍. എന്നാല്‍ ഇത്തരം തെറ്റായ തീരുമാനങ്ങളുടെ വിനാശകരമായ പ്രഭാവം തങ്ങള്‍ സഹിച്ചുകൊള്ളാം എന്ന് പറയുന്നവര്‍ ഇത് പല തലമുറകളെ സാരമായി ബാധിച്ചെക്കാം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കുറച്ചു ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കിയത് കൊണ്ട് രോഗവ്യാപ്തി തടയുക സാധ്യമല്ല. സമ്പൂര്‍ണ്ണ വാക്സിനേഷന്‍ തന്നെയാണ് അനിവാര്യം. അതായത് സ്വന്തം ചോയ്സ് എന്ന മട്ടില്‍ വാക്സിന്‍ എടുക്കാതെ ഇരിക്കുന്നത് തനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്ക് കൂടി രോഗം വരാനും കാരണം ആകും എന്ന് അര്‍ഥം. കാന്‍സറിനും മറ്റും ചികിത്സയില്‍ ഉള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് വാക്സിനുകള്‍ എടുക്കാന്‍ കഴിയുന്നില്ല. അവരുടെ ആരോഗ്യവും വാക്സിനെറ്റ് ചെയ്യുന്നവരുടെ കൈകളില്‍ ആണ് എന്നതാണ് മറ്റൊരു സത്യം.

അതായത് വാക്സിനേഷന്‍ നല്‍കേണ്ടതില്ല എന്ന് ആരെങ്കിലും ഉപദേശിക്കുന്ന പക്ഷം വാക്സിനേഷന്‍ നിര്‍ത്തിയാല്‍ ഈ ലോകം എങ്ങനെ ആയിത്തീരും എന്ന് ആലോചിക്കേണ്ടതുണ്ട് എന്ന് ചുരുക്കം. അത്തരമൊരു ലോകം കുട്ടികളുടെ ജീവന്‍ പോലും ഭീഷണിയില്‍ ആയ ഒന്നായിരിക്കും എന്നതിൽ സംശയമില്ല.

അമേരിക്കയില്‍ മാത്രം 48,000 ആളുകള്‍ അഞ്ചാം പനി അഥവാ മീസല്‍സ് മൂലം ആശുപത്രിയില്‍ എത്തുകയും ഇതില്‍ അഞ്ഞൂറോളം പേര്‍ മരണപ്പെടുകയും ചെയ്യുന്നു എന്നാണു കണക്കുകള്‍. പതിനായിരം കുട്ടികളില്‍ ചിക്കന്‍ പോക്സ് ഉണ്ടാവുന്നു. ഇതില്‍ 70 – 100 പേരെങ്കിലും മരണപ്പെടുന്നു. ഹെപ്പട്ടിറ്റിസ് എ, ബി എന്നിവ ലക്ഷക്കണക്കിന്‌ ആളുകളിലേക്ക് തിരികെ എത്തിയേക്കാം. ആളുകളുടെ വന്‍ നാശത്തിനു കാരണം ആയേക്കാവുന്ന അത്രയും രോഗങ്ങള്‍ തിരികെ വന്നേക്കാം എന്നൊക്കെ ഇരിക്കെ ആണ് ഇവിടെ വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നത്.
വാക്സിനുകള്‍ ഓട്ടിസത്തിനു കാരണമാകുന്നു എന്ന പ്രചരണം തികച്ചും വസ്തുത ഇല്ലാത്തത് ആണെന്ന് മാത്രമല്ല പഠനം നടത്തിയ ഗവേഷകന്റെ ലൈസന്‍സ് പോലും നഷ്ടമാക്കിയ നുണ പ്രചരണം ആയിരുന്നു. വാക്സിനേഷന്‍ വഴി ഭാവിയില്‍ ഭൂമിയിലെ എല്ലാ രോഗങ്ങളും ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കാം. അതോ പുതിയ രോഗങ്ങള്‍ ഇനിയും ഉണ്ടാകുമോ?