നിങ്ങളുടെ കുട്ടികൾ ഗെയിമുകൾക്ക് അടിമയാണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക

കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെ മൊബൈൽഫോൺ വീഡിയോ ഗെയിമുകൾക്ക് അടിമയായിരിക്കുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഗെയിമുകൾ നല്ലതല്ല എന്ന് അറിഞ്ഞിട്ടും പല മാതാപിതാക്കളും കുട്ടികളെ അതിന് അനുവദിക്കുന്നു എന്നതാണ് വാസ്തവം. തിരക്കുപിടിച്ച ലോകത്ത് അവർക്കൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതാവാം ഇതിനുകാരണം. എന്നാൽ ഈ ചിന്താഗതി കുട്ടികളെ ഏത്ര വലിയ ആപത്തിലേക്കാണ് തള്ളിവിടുന്നതെന്നും നാം വിസ്മരിക്കരുത്. 

കുട്ടികൾക്ക് ഗെയിമുകളോടുള്ള താൽപര്യം കണക്കിലെടുത്ത് ഒട്ടനവധി ഗെയിമുകളുമാണ് ദിവസവും പ്ലേസ്റ്റോറിലും മറ്റും ലഭ്യമാകുന്നതും. എന്നാൽ ഇത്തരം ഗെയിമുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നതാണ് സത്യം. പണ്ട് കുട്ടികൾ പുറത്തു പോയി കളിക്കുന്നതു പോലെ ആവുന്നില്ല ഇന്നത്തെ ഒരു വീഡിയോ ഗെയിമുകളും. പഴയ കാലത്തെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ വലിയൊരു പങ്കും വഹിച്ചിരുന്നത് ഇത്തരം പുറംകളികളായിരുന്നു. പക്ഷേ ഇന്ന് ഏതെങ്കിലുമൊരു മൂലയിൽ ഇരുന്ന് വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം എത്രത്തോളം മികച്ചതാണെന്ന കാര്യം സംശമാണ്. 

ഗെയിമിംഗിനായി സ്‌ക്രീനുകൾ കൂടുതൽ നേരം ഉപയോഗിക്കുന്നത് കുട്ടിയുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. കുട്ടികളിൽ അമിതവണ്ണമുണ്ടാക്കാനും അവരുടെ പെരുമാറ്റരീതികളിൽ  മാറ്റങ്ങൾ വരുത്താനും ഇത് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ കാണിക്കുക തന്നെ വേണം. 

ദീർഘനേരം ഗെയിമുകളിലേർപ്പെടുന്നത് കുട്ടികളുടെ ഉറക്കത്തെ അസ്വസ്ഥമാക്കുകയും ഹൃദയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ശാരീരിക വ്യായാമം, വിശ്രമം, പഠനതാൽപര്യങ്ങൾ എന്നിവ കുറയ്ക്കാനും ജീവിതത്തിലെ മറ്റ് കാര്യങ്ങളോടുള്ള മുൻഗണനകൾ ഇല്ലാതാക്കുന്നതിനും ഇത് കാരണമായോക്കാം. ഇത്തരത്തിൽ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാനസീക സമ്മർദ്ദം സൃഷ്ടിക്കാനും കാരണമാകുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. 

മാത്രമല്ല ഉദ്ദേശകാര്യം നടക്കാതെ വരുമ്പോൾ കുട്ടികൾ ഭ്രാന്തമായ സ്വഭാവം, ധാർഷ്ട്യം എന്നിവ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് പതിയെ ഉദാസീനമായ ജീവിതശൈലി,  ലക്ഷ്യമില്ലായ്മ, ഏകാന്തത, നെഗറ്റീവ് ചിന്താഗതി എന്നിവയിലേക്കും നയിക്കുന്നു. കൂടാതെ കാഴ്ച വൈകല്യങ്ങൾ മുതൽ മറ്റ് പല ശാരീരിക രോഗങ്ങൾക്കും കാരണമാവുന്നു. ഒടുവിൽ മാനസിക നില തെറ്റുന്ന അവസ്ഥയിലേക്ക് വരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു എന്നും പറയുന്നു.

സുഹൃത്തുകളുടെ പ്രേരണ, വീട്ടുകാരിൽ നിന്നും വേണ്ടത്ര പരിഗണന ലഭ്യമാകാതിരിക്കുക തുടങ്ങി പലകാരണങ്ങൾ കൊണ്ടും കുട്ടികളെ ഇത്തരത്തിൽ ഗെയിമുകളിലേക്ക് നയിക്കുന്നതിന് ഇടയാക്കുന്നു.

എന്നാൽ കുട്ടികളെ ഇത്തരം ഗെയിമിംഗിൽ നിന്ന് നിയന്ത്രിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അവരെ ഇതിൽ നിന്നും പൂർണ്ണമായും നിരോധിക്കുകയല്ല ചെയ്യേണ്ടത്. മറിച്ച് സമയ നിയന്ത്രണം ഏർപ്പെടുത്തുകയാണ് വേണ്ടത്. അവരെ ബലമായി പിന്തിരിപ്പിക്കുന്നത് മറ്റു വിപത്തുകൾക്ക് കാരണമാൻ സാധ്യതയുള്ളതിനാൽ സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതാണ് ഉചിതം. 

മൊബൈൽ ഗെയിമുകൾക്കും മറ്റും ഒരു സമയം ക്രമപ്പെടുത്തി ശാരീരികവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുന്ന തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ട്മുമ്പ് സ്‌ക്രീനുകൾ ഉപയോഗിക്കാൻ അവരെ അനുവദിക്കാതിരിക്കുക. കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാത്രമേ ഗെയിമുകളോടുള്ള അവരുടെ ആസക്തി കുറച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാക്കിയെടുക്കാൻ  സാധിക്കുകയുള്ളൂ.

Content Highlights: Tips for parents to restrict their children from game addiction.

LEAVE A REPLY

Please enter your comment!
Please enter your name here