ആഹാരം കുറച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കുമോ ?

reduction-in-diet-can-improve-health-prolong-life-study

ആഹാരം കുറച്ചാല്‍ ആരോഗ്യം കൂടുമെന്നും ആയുസ് വർദ്ധിക്കുമെന്നുമാണ് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റൂട്ടിലെ ഗവേഷകരുടെ കണ്ടെത്തൽ. നേയ്ചര്‍ മെറ്റാബൊളിസം എന്ന ജേര്‍ണലില്‍ പ്രസിദ്ധികരിച്ച ഒരു പഠനത്തിലാണ്  കുറച്ച് മാത്രം കഴിക്കുന്നത് വാർദ്ധക്യ കാലത്ത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുമെന്ന് വിശദീകരിക്കുന്നത്. ഭക്ഷണം നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ യൌവന കാലത്ത് ഭക്ഷണത്തില്‍ വരുത്തുന്ന  ക്രമീകരണങ്ങളും നിയന്ത്രണങ്ങളും മനുഷ്യരിലും അതുപോലെ മൃഗങ്ങളിലും ആരോഗ്യം മെച്ചപ്പെടുത്തുകയും അതുവഴി ആയുർദെെർഘ്യം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.  

പ്രായം കുറഞ്ഞതും വളരെ പ്രായം ചെന്നതുമായ എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. സാധാരണ ഒരു എലി കഴിക്കുന്നതിലും 40 ശതമാനത്തിൽ താഴെ ആഹാരം പ്രായം കുറഞ്ഞ എലിക്ക്  നൽകി. ഒപ്പം പോഷകാഹാരക്കുറവ് വരാതിരിക്കുന്നതിനായി ധാതുക്കളും വിറ്റാമിനുകളും നല്‍കിക്കൊണ്ടിരുന്നു.  പിന്നീട് പ്രായാധിക്യത്തിലേക്ക് പ്രവേശിച്ച എലി മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തോടും ദീര്‍ഘായുസ്സോടും ഇരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. എന്നാൽ പ്രായം ചെന്ന എലിയിൽ ആഹാരം കുറച്ചു കൊടുത്തിട്ടും ആയുർദെെർഘ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല. 

വാർദ്ധക്യത്തിലും ആരോഗ്യത്തോടെ ഇരിക്കാൻ കുറച്ചു മാത്രം കഴിക്കുക ആരോഗ്യവാനായ് ഇരിക്കുക എന്നതാണ് ഗവേഷകരുടെ കണ്ടെത്തൽ. വാർദ്ധക്യത്തിലെത്തിയാൽ ഭക്ഷണ ക്രമീകരണം നടത്തുക അസാധ്യമാണ്. അതുകൊണ്ട് ചെറുപ്പം മുതല്‍ക്കെ ഭക്ഷണ ക്രമീകരണം നടത്തേണ്ടതുണ്ട്. അങ്ങനെ ആരോഗ്യപരമായ ഭക്ഷണ ക്രമം ചെറുപ്പത്തിലെ ശീലിക്കുകയാണെങ്കിൽ വാര്‍ദ്ധക്യമെത്തുമ്പോൾ ആരോഗ്യത്തോടെ ഇരിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.