സിഇടി വിദ്യാര്‍ത്ഥിയുടെ മരണം; ദുരൂഹതയെന്ന് ബന്ധുക്കൾ

സിഇടി എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍  ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. കൂടാതെ വിദ്യാര്‍ത്ഥിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ്.  

നെയ്യാറ്റിന്‍കര  ഉള്ളൂര്‍ നീരാഴി ലെയ്നില്‍ സരസ്സ് വീട്ടില്‍ രതീഷ് കുമാറി(19) നെയാണ് കോളേജിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സി.ഇ.ടി.യിലെ ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് രതീഷ് കുമാർ. രതീഷിനെ കാണാനില്ലെന്നു കാണിച്ച് അമ്മയുടെ സഹോദരി ഗിരിജ ശ്രീകാര്യം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അമ്മ മരിച്ച രതീഷ്‌ കുമാര്‍ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍  ഗിരിജയോടൊപ്പം രതീഷ് കോളേജില്‍ എത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് കൂട്ടിക്കൊണ്ട് പോകാന്‍ ഗിരിജ എത്തിയപ്പോഴാണ് രതീഷിനെ കാണാനില്ലെന്നറിയുന്നത്. 

പരീക്ഷ അവസാനിക്കുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുന്‍പ് ക്ലാസില്‍ നിന്നു പോയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ശുചിമുറി അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  

ഗിരിജയുടെ പരാതിയെത്തുടര്‍ന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും കോളേജില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. എന്നാല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് രതീഷിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതല്ലാതെ മറ്റൊരു വിവരവും ലഭിച്ചിരുന്നില്ല.

Content highlight; family response on  CET College student death