ബിബിസി ടെലിവിഷനിലെ ആദ്യ വാര്‍ത്താ അവതാരക നാന്‍സി വിങ്ങിന്‍സ്റ്റെന്‍, ലോകത്തിലെ നൂറുകണക്കിന് സ്ത്രീകളെ ന്യൂസ് റൂമുകളിലേക്ക് എത്തിച്ച ചരിത്രവും പേറിയാണ് തന്റെ 93-ാം വയസ്സില്‍ യാത്രയാവുന്നത്. 1960 ജുണിലാണ് നാന്‍സി വിങ്ങിന്‍സ്റ്റെന്‍ ബിബിസിയിലെ രാത്രി വാര്‍ത്തകള്‍ വായിക്കാന്‍ നിയമിതയാകുന്നത്. ദേശീയ വാര്‍ത്ത ചാനലില്‍ പ്രൈം ടൈമില്‍ സ്ത്രിയുടെ അവതരണം കേട്ട് പ്രേക്ഷകര്‍ ഞെട്ടി. അന്ന് ഒരു സ്ത്രീ വാര്‍ത്ത വായിക്കുന്നത് ലോകത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നുണ്ടായ പ്രേക്ഷകരുടെ പ്രതിഷേധം മൂലം നാന്‍സിയെ ബിബിസി പിരിച്ചുവിട്ടു. ഏഴ് ഞായറാഴ്ചകളില്‍ മാത്രമേ നാന്‍സിക്ക് വാര്‍ത്ത വായിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. പിന്നീട് 15 വര്‍ഷം 1975 വരെ ബിബിസിയുടെ പ്രൈം ടൈമിന്‍ സ്ത്രീകള്‍ വാര്‍ത്ത വായിച്ചിട്ടില്ല.
ബിബിസിയിലെ ജോലി പോയിട്ടും നാന്‍സി വിങ്ങിന്‍സ്റ്റെന്‍ തന്റെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. സ്ത്രീ എന്ന നിലയിലുള്ള മുന്‍വിധികളും വിവേചനവും നിരന്തരം നേരിട്ടിരുന്നതായി നാന്‍സി പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. തന്റെ റിപ്പോര്‍ട്ടിങ്ങ് ആളുകളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഉറക്കെ അലറിക്കൊണ്ട് സംസാരിക്കേണ്ട അവസ്ഥ വരെ നാന്‍സി വിങ്ങിന്‍സ്റ്റെന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. കാരണം സ്ത്രീയുടെ ശബ്ദത്തെ കേള്‍ക്കാനോ അംഗീകരിക്കാനോ അന്നത്തെ ആളുകൾ അനുവദിച്ചിരുന്നില്ല.
1961 ല്‍ ടിവി റേഡിയോ വാര്‍ത്താ റിപ്പോര്‍ട്ടറായി ഐടിവിയില്‍ പ്രവേശിച്ച നാന്‍സി വിങ്ങിന്‍സ്റ്റെന്‍ വിരമിക്കുന്നതുവരെ ഐടിവിയിലെ പ്രവര്‍ത്തിച്ചു. ഐടിവി സീരിയല്‍ നടന്‍ ചാള്‍സ് സ്റ്റാപിനെയാണ് നാന്‍സി വിവാഹം കഴിച്ചത്. 1958-1961 വര്‍ഷങ്ങളില്‍ ബിബിസി ‘ട്രെബില്‍ ചാന്‍സ്’ റേഡിയോ ഗെംമിന്റെ പ്രധാന പാനല്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.