കുഞ്ഞിന് ജന്മം നല്‍കുന്നനിടയില്‍ മരിച്ച മുംതാസ് മഹളിന്റെ ഓര്‍മ്മക്കായി പണി കഴിപ്പിച്ച താജ്മഹളില്‍ ഇനി കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടാം. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ചരിത്ര സ്മാരകത്തില്‍ മുലയൂട്ടലിനായി പ്രത്യേക മുറി സജ്ജീകരിക്കുന്നത്. പൊതുവിടങ്ങളിലെ മുലയുട്ടല്‍ രീതികളോടുള്ള യാഥാസ്ഥിതിക ചിന്താഗതി നിലനില്‍ക്കെയാണ് ഇന്ത്യയിലെ പ്രണയ സ്മാരകം പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ജൂലൈ ആദ്യവാരം തന്നെ കുട്ടികളുമായി എത്തുന്ന അമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികളെ മുലയൂട്ടാനുള്ള സംവിധാനം ഒരുക്കുമെന്ന് ഇന്ത്യയുടെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ മേധാവി വസന്ദ് കുമാര്‍ സവര്‍ക്കര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ സഹായത്തോടെ കോണിപടികളുടെ അറ്റത്ത് മറഞ്ഞിരുന്ന് കുട്ടിയെ മുലയൂട്ടുന്ന ഒരമ്മയെ കാണാന്‍ ഇടയായതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സ്മാരകങ്ങളില്‍ കൂടി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. 3600ല്‍ പരം സ്മാരകങ്ങള്‍ ഉള്ള ഇന്ത്യയില്‍ ആദ്യമായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇങ്ങനെയൊരു സൗകര്യം ഒരുക്കുന്നത്.