സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യാന്‍ അമ്മയേയോ പങ്കാളിയേയോ സഹായിത്തുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ അത്തരക്കാര്‍ക്ക് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗവേഷക ലോകം പുറത്തു വിട്ടിരിക്കുന്നത്. വീട്ടു ജോലികളില്‍ സഹായിക്കുന്ന പുരുഷന്മാര്ക്ക് കൂടുതല്‍ ഐക്യൂവും മെച്ചപ്പെട്ട ആരോഗ്യവുമുണ്ടാവും എന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല ഇത്തരക്കാര്‍ വീട്ടു ജോലികളില്‍ സഹായിക്കാത്തവരേക്കാള് കൂടുതല്‍ സന്തോഷവാന്മായിരിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വീട്ടു ജോലികളില്‍ സഹായിക്കുന്ന പുരുഷന്മാര് കൂടുതല്‍ ഐക്യൂ ഉള്ളവരും ആരോഗ്യവാന്മാരും നല്ല ജീവിത ശൈലി തുടരുന്നവരുമായിരിക്കും എന്നാണ് തായ്വാനിലെ ഡോ. ഹുവാങ് വെയ് ലീയുടെ അഭിപ്രായം.
ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുന്ന പുരുഷന്മാര്ക്ക് തങ്ങളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല ഇത് കുടുംബവുമായി കൂടുതല്‍ അടുത്തിരിക്കുന്നതിനും പങ്കാളിയുമായുള്ള ദൃഡമായ ബന്ധത്തിനും സഹായിക്കുന്നുണ്ട്. സന്തോഷകരമായ ബന്ധം നില നിര്‍ത്തുന്നതിന്റെ ഒരു കാരണമായി ഇത്തരം പ്രവൃത്തികള്‍ മാറാറുണ്ട്. പലരിലും പുറത്തു പോവുന്നതിനേക്കാള്‍ താല്പര്യം വീട്ടുകാരുമായി സമയം ചിലവഴിക്കാനായി മാറുന്നു എന്ന് ഡോ. ഹുവാങ് വെയ് ലീ പറഞ്ഞു.
ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഒഴിവു സമയങ്ങളിലാണ് തുണി അലക്കുക, തറ തുടയ്ക്കുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ പങ്കാളിത്തത്തോടെ ചെയ്തു കാണുന്നത്. മാത്രമല്ല ജോലി സ്ഥലത്ത് ദീര്‍ഘ നേരം ചിലവഴിച്ച് തളര്‍ന്ന് എത്തുന്ന പുരുഷന്മാര് വെറുതെ ടെലിവിഷനു മുന്നില്‍ ഇരുന്ന് സമയം കളയുന്നതിനു പകരം ഇത്തരം ജോലികള്‍ ചെയ്യുകയാണെങ്കില്‍ അത് ഹൃദയ സംബന്ധിയായ രോഗങ്ങളെ പോലും അകറ്റി നിര്‍ത്താം എന്നാണ് പഠനങ്ങള്‍.
പല ആളുകളും ജോലി കഴിഞ്ഞെത്തുന്ന ഒഴിവു സമയങ്ങളില്‍ ബില്യാര്‍ഡ്സ്, ക്രിക്കറ്റ് പോലുള്ള കളികളോ നൃത്തമോ ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും തന്നെ സമയമില്ല. അതുകൊണ്ടു തന്നെ വീട്ടിലെ ജോലികളില്‍ സഹായിക്കുന്നതും ഏര്‍പ്പെടുന്നതും ഇവയ്ക്കുള്ള നല്ല ബദല്‍ മാര്‍ഗങ്ങളാണ് എന്ന് ഡോ. ഹുവാങ് വെയ് ലീ കൂട്ടിച്ചേര്‍ക്കുന്നു.