റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരായി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്‌ക്വയറിലും ഡല്‍ഹി എന്‍സിആറിലും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസുകളിലാണ് വാദ്രയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഇത് ഒമ്പതാമത്തെ തവണയാണ് വദ്ര ഇഡിക്കു മുമ്പാകെ ഹാജരാകുന്നത്. അധികാരത്തില്‍ വീണ്ടും എത്തിയാല്‍ വദ്രയെ ജയിലില്‍ അടയ്ക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വിചാരണക്കോടതി അനുവദിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് വാദ്ര ഇപ്പോഴുള്ളത്. കേസില്‍ വാദ്രയുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാദ്രയുടെ പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു. അതേ സമയം, വൻകുടലിൽ ബാധിച്ച മുഴ സംബന്ധിച്ച വിദഗ്ധ പരിശോധനയ്ക്കും ചികിൽസയ്ക്കും വേണ്ടി ലണ്ടനിലേക്കു യാത്രാനുമതി തേടി റോബർട്ട് വാദ്ര കോട‌തിയുമായി ബന്ധപ്പെട്ടു. അഭിഭാഷകൻ മു‌ഖേനയാണ് ഇക്കാര്യം അറിയിച്ചത്. വിദേശയാത്രയ്ക്ക് അനുമതി തേടി നൽകിയ ഹർജിയുടെ വിചാരണവേളയിൽ രോഗവിവരം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. നേരത്തേ ജാമ്യം അനുവദിക്കുമ്പോൾ ‌അനുമതിയില്ലാതെ വിദേശയാത്ര കോടതി വിലക്കിയിരുന്നു. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കമാണ് തനിക്കെതിരെ നടക്കുന്നതെന്നതെന്നാണ് വാദ്രയുടെ വാദം.