പുതിയ നാവികസേന മേധാവിയായി അഡ്‌മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു. അഡ്‌മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലേക്കാണ് കരംഭീര്‍ സിംഗ് ചുമതലയേറ്റത്. ഈസ്റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്നു കരംഭീര്‍ സിംഗ്. അദ്ദേഹം 1980 ല്‍ ആണ് നാവികസേനയില്‍ ചേരുന്നത്. നാവികസേനാ മേധാവിയാകുന്ന ആദ്യ ഹെലികോപ്ടര്‍ പൈലറ്റെന്ന ഖ്യാതിയുള്ള കരംബീര്‍ സിംഗിന് 2021 നവംബര്‍ വരെ കാലാവധിയുണ്ട്.
ഐസിജിഎസ് ചന്ദ്ബിബി, ഐഎന്‍എസ് വിദ്യാദുര്‍ഗ്, ഐഎന്‍എസ് റാണ, ഐഎന്‍എസ് ഡല്‍ഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു കരംഭീര്‍ സിംഗ്. മികച്ച സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളജ്, മുംബൈയിലെ നേവല്‍ വാര്‍ഫെയര്‍ എന്നീ കോളേജുകളില്‍ നിന്നാണ് കരംഭീര്‍ സിംഗ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മയെ മറികടന്നാണു കരംഭീര്‍ സിംഗ് നാവികസേനയുടെ തലപ്പത്തെത്തിയിരിക്കുന്നത്. സീനിയോറിറ്റി മറികടന്നാണ് കരംഭീറിന്‍റെ നിയമനമെന്ന് കാട്ടി വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിന് (എഎഫ്ടി) പരാതി നല്‍കിയിരുന്നു. എന്നാല്‍ കരംഭീര്‍ സിംഗിനെ ചുമതലയേല്‍ക്കാന്‍ ട്രൈബ്യൂണല്‍ അനുവദിക്കുകയായിരുന്നു.