ഇന്ന് നമ്മള് എവിടെ പോയാലും ആവശ്യമായി വരുന്ന ഒന്നാണ് ഫോമുകള്‍ അഥവാ ഫോറങ്ങള്‍. ബാങ്കിലും സ്കൂളിലും ലൈബ്രറിയിലും എല്ലായിടത്തും ഇന്ന് നമ്മുടെ വിവരങ്ങള്‍ പൂരിപ്പിച്ചു നല്കുന്ന ഫോമുകളുടെ ആവശ്യമേറെയാണ്. എന്നാൽ കൊല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജില്‍ നല്കുന്ന ഫോമുകള്‍ക്ക് മറ്റെവിടെയിമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? ഇവിടെ നിന്നും പൂരിപ്പിച്ചു നല്കാന് കിട്ടുന്ന ഫോമുകളില്‍ മതം എന്ന് പൂരിപ്പിക്കേണ്ടിടത്ത് നമുക്ക് മനുഷ്യകുലമെന്നും (humantiy) എഴുതാം. സാധാരണ മതം ഏതെന്നു ചോദിച്ചാല്‍ എല്ലാവരും എഴുതുന്നത് ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍, സിക്കിസം, ബുദ്ധിസം എന്നിങ്ങനെയാണ്. ജാതിയും മതവുമൊന്നും കാണിക്കാന്‍ താല്പര്യമില്ലാത്ത നിരവധി പേരുള്ള ഇന്ന് തികച്ചും വ്യത്യസ്ഥമായൊരു കാഴ്ചപ്പാടാണ് കൊല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് മുന്നോട്ടു വെയ്ക്കുന്നത്.
മെയ് 27ന് കൊല്‍ക്കത്തയിലെ ബെത്തൂണ്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനിലാണ് ആദ്യമായി ഇത്തരമൊരു മാറ്റം കൊണ്ടു വന്നിരിക്കുന്നത്. അവിടെ എത്തിയ കുട്ടികളുടെ അഡ്മിഷന് ഫോമിലാണ് മതം എന്ന ഭാഗം പൂരിപ്പിക്കേണ്ടിടത്ത് മനുഷ്യ കുലം എന്നൊരു ഓപ്ഷന് കൂടി പ്രത്യക്ഷപ്പെട്ടത്.
പല കുട്ടികള്‍ക്കും തങ്ങളുടെ മതമോ ജാതിയോ കാണിക്കുന്നതിനോ തുടരുന്നതിനോ താല്പര്യം ഇല്ലാത്ത ഒരു പ്രവണത ഇന്ന് കാണുന്നുണ്ട്. മതത്തിനും ജാതിക്കും അപ്പുറം മനുഷ്യത്വത്തിനും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന കുട്ടികളെ അഭിനന്ദിക്കേണ്ടതു തന്നെയാണ്. മതത്തിനോടൊപ്പം പുതിയ ഒരു ഓപ്ഷന് വക്കുകയെന്നത് അഡ്മിഷന് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം ആയിരുന്നെന്നും കോളേജ് പ്രിന്സിപ്പാല് മമത റേ പറഞ്ഞു. ഹിന്ദു ഫിമെയില്‍ സ്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന ബെത്തൂണ്‍ കോളേജ് 1879ലാണ് നിലവില്‍ വന്നത്. നാക്- എ ഗ്രേഡ് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇതാണ് ഏഷ്യയിലെ തന്നെ ആദ്യ വിമന്‍സ് കോളേജ്.