56 വയസ്സ് പൂര്‍ത്തിയാകുന്ന അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും. കോളേജ് അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ളവരാണ് ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുന്നത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ വേണ്ടിവരും. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ നല്‍കണമെന്ന് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു. ആനുകൂല്യങ്ങള്‍ വൈകുമ്പോള്‍ പലിശയടക്കം നല്‍കേണ്ടിവരുന്നതിനാള്‍ സര്‍ക്കാരിന് വന്‍ബാധ്യത ഉണ്ടാവും. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കാന്‍ തീരുമാനിച്ചത്. വൈകിയാല്‍ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കിന്റെ വിവരശേഖരണത്തില്‍ ഈവര്‍ഷം മേയ് 31-ന് 56 വയസ്സെത്തുന്ന അയ്യായിരത്തിലേറെപ്പേരുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത് 1980-കളുടെ പകുതിയോടെയാണ്. ആ സമയത്ത് സര്‍വീസില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഈ വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. ഇതാണ് ഈ വര്‍ഷവും വരുന്ന ഏതാനും വര്‍ഷങ്ങളിലും കൂടുതല്‍ പേര്‍ വിരമിക്കുമെന്ന് കണക്കാക്കാന്‍ കാരണം. ജനന രജിസ്ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഒട്ടേറെപ്പേരുടെ ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയാണ്. മേയ് 31-നുമുള്ള കൂട്ട വിരമിക്കലുകളുടെ കാരണമിതാണ്.