“ഇരട്ടച്ചങ്കൻ” അഴകു പെരുമാള്‍

രണ്ടു ഹൃദയവുമായി ജീവിക്കാനൊരുങ്ങി മുപ്പത്തഞ്ചുകാരനായ അഴകു പെരുമാള്‍. ഗുരുതരമായ ഹൃദ്രോഗത്തെ മറികടക്കാന്‍ നിലവിലുള്ള ഹൃദയത്തിനു പുറമെ മറ്റൊരു ഹൃദയം കൂടി ഘടിപ്പിച്ച അപൂര്‍വ്വ ശസ്ത്രക്രിയ അഴകു പെരുമാള്‍ നടത്തിയത് മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ്.

ഹൃദയപേശികള്‍ ദുര്‍ബലമാകുന്ന ഇഡിയോപതിക് ഡൈലേറ്റഡ് കാര്‍ഡിയോമയോപതി എന്ന രോഗം ഗുരുതരമായതോടെയാണ് ഹൃദയം മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. ദുര്‍ബലമായ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ട് അതിനെ സഹായിക്കാന്‍ മറ്റൊരു ഹൃദയം വച്ചു പിടിപ്പിക്കുന്ന ‘പിഗ്ഗിബാക്ക് സര്‍ജറി’ എന്ന ശസ്ത്രക്രിയ വിജയകരമായി ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി. അപകടത്തില്‍ മരണപ്പെട്ട ഒരാളുടെ ഹൃദയം അഴകു പെരുമാളിന്റെ ഹൃദയത്തിന്റെ വലതുവശത്താണ് ചേര്‍ത്തു പിടിപ്പിച്ചിരിക്കുന്നത്.