വയനാട്ടില്‍ കര്‍ഷകന്റെ ആത്മഹത്യ; രാഹുലിന്റെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

വയനാട് പനമപരത്ത് കടക്കെണിയില്‍പ്പെട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതേത്തുടര്‍ന്ന് സംഭവം അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍നടപടികള്‍ എടുത്തിട്ടുണ്ടെന്നു കാണിക്കുന്ന മറുപടിക്കത്തും മുഖ്യമന്ത്രി രാഹുലിനു നല്‍കി.

വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ കടക്കെണിയിലായ ദിനേഷ് കുമാര്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട ദിനേഷിന്റെ ഭാര്യയുമായി സംസാരിച്ച ശേഷമാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എംപി സ്ഥാനത്തെത്തി രാഹുല്‍ നടത്തുന്ന ആദ്യ ഉടപെടലാണ് ഇത്. കത്തിന് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ദിനേഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉള്‍പ്പടെ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍ക്കു നല്‍കിയിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം രാഹുലിനെ അറിയിച്ചു.

വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വലയുന്ന കേരളത്തിലെയും രാജ്യത്തെയും കര്‍ഷകരുടെ പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി മറുപടിക്കത്തില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം കര്‍ഷകരുടെ വസ്തു വകകള്‍ ജപ്തി ചെയ്യുന്ന സര്‍ഫാസി നിയമത്തിനെതിരെ പാര്‍ലമെന്റില്‍ പോരാട്ടത്തിന് തങ്ങളോടൊപ്പം ചേരാന്‍ രാഹുലിനെ ക്ഷണിക്കുകയും ചെയ്തു.