കറങ്ങുന്ന തമോഗര്‍ത്തത്തില്‍ നിന്ന് പ്ലാസ്മ പുറന്തള്ളുന്നതായി കണ്ടുപിടുത്തം

ബഹിരാകാശത്തെ അസാധാരണമായ തമോഗര്‍ത്തത്തില്‍ നിന്നും പ്ലാസ്മ പുറന്തള്ളപ്പെടുന്നതായി കണ്ടെത്തി. ജേര്‍ണല്‍ ‘നെയ്ച്ചര്‍’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് V404 സിഗ്നി ബൈനറി സിസ്റ്റത്തിലുള്ള തമോഗര്‍ത്തം പ്ലാസ്മ പുറന്തള്ളുന്നതായി പറയുന്നത്. തമോഗര്‍ത്താല്‍ പരിപാലിക്കപ്പെടുന്ന നക്ഷത്രത്തില്‍ നിന്ന് ലഭിക്കുന്ന പദാര്‍ത്ഥങ്ങള്‍ സംയോജിച്ച് ഡിസ്‌ക് രൂപത്തിലാവുകയും അത് പുറത്തോട്ട് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. എല്ലാ തമോഗര്‍ത്തങ്ങളും അതിന്റെ ധ്രുവങ്ങളിലേക്ക് മാത്രമാണ് പ്ലാസ്മ പുറന്തള്ളാറുള്ളത്. പക്ഷെ V404 സിഗ്നിയിലെ തമോഗര്‍ത്തം പല സമയത്ത് പല ദിശയിലേക്ക് പ്ലാസ്മ പുറന്തള്ളുന്നു.

ഐന്‍സ്റ്റീന്റെ ‘ജെനറല്‍ റിലേറ്റിവിറ്റി’ സിദ്ധാന്തം അനുസരിച്ച് തമോഗര്‍ത്തങ്ങള്‍ ചുറ്റിനുമുള്ള സ്ഥലത്തേയും സമയത്തേയും ആഗിരണം ചെയ്യുന്നുണ്ട്. ബൈനറി സിസ്റ്റത്തില്‍ നിന്നുള്ള ഈ കണ്ടുപിടുത്തം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും എങ്ങനെയാണ് തമോഗര്‍ത്തവും ഗാലക്‌സിയും പ്രവര്‍ത്തിക്കുന്നതെന്ന് ഈ കണ്ടുപിടുത്തത്തിലൂടെ കൂടുതല്‍ അറിയാന്‍ കഴിയുന്നുവെന്നും നാഷണല്‍ റെഡിയോ ആസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി ഗവേഷകര്‍ പറയുന്നു.