സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ശിവസേന.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ശിവസേന.

രാജ്യത്തിന്റെ അവസ്ഥ മോശപ്പെട്ട രീതിയിലാണ്. അതിനാല്‍ സാമ്പത്തിക ദൗര്‍ബല്യത്തിന് രാജ്യത്തെ പുതിയ ധനകാര്യ മന്ത്രി പരിഹാരം കാണണം. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്(എന്‍എസ്എസ്ഒ) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-18 കാലഘട്ടങ്ങളിലായി തൊഴിലില്ലായ്മ 6.1 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ 45 വര്‍ഷങ്ങളിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇതെന്നും കണക്കുകള്‍ പറയുന്നു. അനാവശ്യമായി സംസാരങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മക്ക് പരിഹാരമാവില്ലെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി- മാര്‍ച്ച് മാസങ്ങളിലായി ജിഡിപി 5.8 ശതമാനമായി ഉയര്‍ന്നുവെന്ന് എന്‍എസ്എസ്ഒ മെയ് മാസത്തില്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ശിവ സേന ഇത്തരം വാദമിറക്കിയത്.

2014ലില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രണ്ട് കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2015-16 വര്‍ഷത്തില്‍ ആകെ 37 ലക്ഷം ഒഴിവുകള്‍ വന്നെങ്കിലും 1.48 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിച്ചത്. അതുപോലെത്തന്നെ 23 ലക്ഷം ഒഴിവുകള്‍ വന്ന 2017-18 വര്‍ഷത്തില്‍ 9.21 ലക്ഷം പേര്‍ക്കു മാത്രമാണ് തൊഴില്‍ നേടാനായത്.

റെയില്‍വേയിലും ബാങ്കുകളിലും ആളുകളെ എടുത്തില്ല. ചെറുകിട വ്യവസായങ്ങളും ശോകാവസ്ഥയിലായി. പൊതു വ്യവസായങ്ങളുടെ അവസ്ഥയും മോശമായി. പലതും നഷ്ടത്തിലാവുകയും നിര്‍ത്തിപ്പോവുകയും ഉണ്ടായി. ബിജെപി സര്‍ക്കാര്‍ തുടങ്ങി വച്ച പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തില്‍ തുടര്‍ന്നു പോവാത്ത സാഹചര്യത്തിലായി.

അതുമാത്രമല്ല കൃഷിയിലും വന്‍ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 315 കര്‍ഷരാണ് കൃഷിയിലുണ്ടായ നഷ്ടം കാരണം ആത്മഹത്യ ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കെ ആളുകള്‍ക്ക് തൊഴില്‍ നല്‍കി തൊഴിലില്ലായ്മക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ശിവസേന എഴുതുന്നു.