മാവേലിക്കര: ഇല്ലാത്ത കാന്‍സറിന് കീമോ തെറാപ്പിക്ക് വിധേയയായ യുവതി ദുരിതത്തില്‍. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ തെറ്റായ ഫലം ലഭിച്ചതാണ് മാവേലിക്കര കൊടശനാട് ചിറയ്ക്ക് കിഴക്കേക്കര വീട്ടിലെ രജനി(38) ഇല്ലാത്ത കാന്‍സറിന് കീമോ തെറാപ്പിക്ക് വിധേയയായത്. കോട്ടയം മൊഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ നടന്നത്.
ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി രജനി ആരോഗ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അന്വേണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വലതു സ്തനത്തില്‍ മുഴ കണ്ട് സംശയം തോന്നിയ രജനി ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് സമീപത്തുള്ള ഡയനോവ ലാബില്‍ മാമോഗ്രാം ചെയ്യുകയുമായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ലഭിച്ച തെറ്റായ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടങ്ങിയത്.
എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ പതോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രജനിക്ക് കാന്‍സറില്ലെന്ന് ഫലം വന്നു. അപ്പോഴേക്കും രജനിയെ ഒന്നാമത്തെ കീമോ ചെയ്തിരുന്നു. പിന്നാട് രണ്ടാമത്തെ കീമോ ചെയ്യാതെ ചികിത്സ നിര്‍ത്തി വച്ചു.
തുടര്‍ന്ന് 18ന് തിരുവനന്തപുരം ആര്‍സിസിയിലെത്തി കോട്ടയത്തെ ചികിത്സാ രേഖകള്‍ കൈമാറി. ആര്‍സിസിയിലെ പരിശോധനാ ഫലത്തിലും കാന്‍സറില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ സ്തനത്തിലെ മുഴ നീക്കുകയും ചെയ്തു. അപ്പോഴേക്കും കീമോയെ തുടര്‍ന്ന് രക്തത്തിലെ കൗണ്ട് 3,400 ലേക്ക് താണതോടെ അവശനിലയിലായ രജനിയുടെ തലമുടിയും പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
രജനിയുടെ വരുമാനത്തില്‍ നിന്നുമാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. ഇപ്പോള്‍ ജോലിക്കു പോകാനാകാത്ത വിധം അവശയായ രജനി ചിപ്സ് കട നടത്തിയാണ് ജീവിക്കുന്നത്.