പ്രണയം, യുവാവ് ആക്രമിക്കപ്പെട്ടു.

പെരിന്തല്‍മണ്ണയില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍. ഇവര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നവരാണെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. പാതായിക്കര സ്വദേശി നാഷിദ് അലിയെയാണു ശനിയാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ ഒരു സംഘം ആക്രമിച്ചത്.

അതേസമയം, മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന് ഭയമുണ്ടെന്നും നാഷിദ് അലിയുടെ അമ്മ പറഞ്ഞു.അക്രമികള്‍ നാഷിദിന്റെ കൈയും കാലും ഇരുമ്പുവടികൊണ്ട് അടിച്ചൊടിച്ചു. ദേഹത്തു കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. കാലില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ നാഷിദ് ഇപ്പോള്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലകീഴായി തൂക്കിയിട്ടശേഷം തന്നെ മൂത്രം കുടിപ്പിച്ചെന്നും മര്‍ദനത്തിനുശേഷം ഇവര്‍ തന്നെയാണ് തന്റെ വീട്ടുകാരെ വിവരമറിയിച്ചതെന്നും നാഷിദ് പറയുന്നു. പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നും നാഷിദ് അലി ആരോപിച്ചു.