വിവാഹിതനെ പ്രണയിച്ചു; സഹോദരിയെ ആസിഡൊഴിച്ച് കൊല്ലാന്‍ സഹോദരന്മാരുടെ ശ്രമം

A little girl protects herself with her palm

വിവാഹിതനെ പ്രണയിച്ചതിനെ തുടര്‍ന്ന് സഹോദരിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം. ഗുരുതരമായി പരിക്കേറ്റ സല്‍മ നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൂന്ന് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എന്നിവരാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ബുലന്ദ്‌സര്‍ സ്വദേശികളാണ് സല്‍മയും സഹോദരന്മാരും. പ്രദേശത്തെ ഭൂവുടമയുമായി സല്‍മ അടുപ്പത്തിലായിരുന്നു. സഹോദരന്മാര്‍ ബന്ധം കണ്ടുപിടിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നിരസിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മെയ് ആഞ്ചിന് ബന്ധുവീട്ടില്‍ പോയി തിരിച്ചു വരുന്ന യാത്രക്കിടെ ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ സല്‍മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് ആസിഡ് മുഖത്തൊഴിക്കുകയും ചെയ്തു. യുവതി മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ശരീരം ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്ന് പേരും ഒളിവില്‍ പോയി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.

ഇവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, യുവതിയെ പരിചരിക്കാന്‍ ബന്ധുക്കള്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിളാണ് യുവതിയുടെ പരിചരണത്തിനായി ആശുപത്രിയില്‍ കഴിയുന്നത്.