കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ പരീക്ഷ വിജയിക്കാതെ വിദ്യാര്‍ഥികള്‍ക്ക് പി.ജി.പ്രവേശനം നല്‍കിയ നടപടിക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയതിനെതിരെ വിമര്‍ശനം. യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായെടുത്ത തീരുമാനമാണ് വിവാദമായത്. വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്താണ് അംഗീകാരം നല്‍കിയതെന്നാണ് സിന്‍ഡിക്കേറ്റിന്റെ വിശദീകരണം.
സര്‍വകലാശാലയുടെ ജ്യോഗ്രഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ രണ്ടു വിദ്യാര്‍ഥികളുടെയും സംഗീത ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരാളുടെയും പ്രവേശനമാണ് വിവാദമായത്. ആറാമത്തെ സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ മൂന്നാമത്തെ സെമസ്റ്റര്‍ പരീക്ഷ വിജയിക്കാത്തവര്‍ക്കും കഴിഞ്ഞ തവണ പ്രവേശനം നല്‍കി. വിവാദമായതിനെ തുടര്‍ന്ന് ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിജയിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു.
എന്നാല്‍ പി.ജി.യുടെ ആദ്യസെമസ്റ്റര്‍ പരീക്ഷ നടക്കുമ്പോള്‍ മാത്രമാണ് ഇവരുടെ ബിരുദപഠനത്തിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ചതായുള്ള അറിയിപ്പ് കിട്ടിയത്. തുടര്‍ന്ന് സിന്‍ഡിക്കേറ്റ് രണ്ടുപേരടങ്ങിയ അന്വേഷണ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് യോഗം സാങ്കേതിക പ്രശ്നങ്ങള്‍ ഇളവ് ചെയ്ത് തുടര്‍പഠനത്തിന് അനുവദിക്കുകയായിരുന്നു.
പഠനവകുപ്പ് മേധാവികളുടെ പിഴവ് കാരണം നടന്ന പ്രവേശനത്തിന് വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്താണ് അംഗീകാരം നല്‍കിയതെന്നാണ് സിന്‍ഡിക്കേറ്റിന്റെ വിശദീകരണം. ആദ്യ പരീക്ഷയ്ക്ക് മുമ്പ് ഇവര്‍ വിജയിച്ചതായുള്ള കോണ്‍ഫിഡന്‍ഷ്യല്‍ മാര്‍ക്ക് അറിഞ്ഞിരുന്നു. അത് പരിഗണിച്ചാണ് പ്രവേശനം അംഗീകരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും അന്വേഷണസമിതി അംഗമായ ഒരു സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു. മൂന്ന് പേര്‍ക്ക് യോഗ്യത പരിഗണിക്കാതെ പ്രവേശനം നല്‍കിയ പഠനവകുപ്പ് മേധാവികള്‍ക്ക് താക്കീത് നല്‍കാന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.