ഹരിത ചിന്തകളോടൊപ്പം വിവാഹം ആഘോഷിച്ച് ദമ്പതികള്‍

Sreeja O.K

ജൂണ്‍ അഞ്ചിന് പരിസ്ഥി സംരക്ഷണ സന്ദേശവുമായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയി. പ്രകൃതി സംരക്ഷണം ഒറ്റ ദിവസത്തെ ആചാരമോ ചടങ്ങോ ആയി കരുതേണ്ട ഒന്നല്ലെന്നും നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായി ഒപ്പം കൊണ്ടു നടക്കേണ്ട ശീലങ്ങളാണ് എന്ന് ഓര്‍പ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ തത്തമംഗലം മാങ്ങോട് സ്വദേശി ബൈജുവും ഭാര്യ സുസ്മിതയും. വിവാഹം ആര്‍ഭാടമായി ആഘോഷിക്കണമെന്ന നിലവിലുള്ള പൊതു ബോധത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ആശയത്തില്‍ വിവാഹം നടത്തിയാണ് ഈ ദമ്പതികള്‍ വ്യത്യസ്ഥരാവുന്നത്.

പാലക്കാട്ടെ നാടന്‍ ജീവിതവും പച്ചപ്പും നെഞ്ചിലേറ്റിയ ബൈജു പണ്ടു മുതലേ പ്രകൃതിയോടിണങ്ങിയാണ് ജീവിച്ചിരുന്നത്. പണ്ടും പരിസ്ഥിതി സംക്ഷണത്തിന്റെ ഭാഗമായി വീട്ടിലും പരിസരത്തുമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു സംഘടനയുടേയും ഭാഗമല്ലാതെ തന്നെ കുട്ടികള്‍ക്കായുള്ള ക്യാമ്പുകളിലും മറ്റും സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് ബൈജു.

കല്യാണം എന്നായാലും ചിലവ് ചുരുക്കിയും പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ നടത്തണമെന്നും ആഗ്രഹമായിരുന്നു.നിലവില്‍ കണ്ടു വരുന്ന ആര്‍ഭാടങ്ങള്‍ക്കപ്പുറം പ്ലാസ്റ്റിക് തീര്‍ത്തും ഒഴിവാക്കിക്കൊണ്ടുള്ള വിവാഹം എന്നതായിരുന്നു ലക്ഷ്യം. കല്യാണം ഉറപ്പിച്ചപ്പോഴും പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ നിലനിര്‍ത്തിയും ചിലവ് ചുരുക്കിയും ആവണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ വിചാരിച്ചത്രയും എളുപ്പമല്ല കാര്യങ്ങളെന്ന് പലരും പറഞ്ഞറിഞ്ഞു. എന്നാല്‍ സുഹൃത്തുകളുടെ പൂര്‍ണ പിന്തുണ ബൈജുവിന് ധൈര്യം പകർന്നു.

ഏറ്റവും പ്രധാനമായ ലക്ഷ്യം പ്ലാസ്റ്റിക് ഒഴിവാക്കുക എന്നായിരുന്നു. ഏകദേശം 1400ഓളം ആളുകളെ ക്ഷണിച്ചു കൊണ്ടാണ് വിവാഹ സല്‍ക്കാരം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. എല്ലാവര്‍ക്കും സ്റ്റീല്‍ പാത്രത്തില്‍ വാഴയിലയിട്ട് ഭക്ഷണം നല്‍കാമെന്ന് തീരുമാനിച്ചെങ്കിലും അത്രയും പേര്‍ക്കുള്ള പാത്രങ്ങള്‍ എവിടെ നിന്ന് സംഘടിപ്പിക്കുമെന്നതായിരുന്നു പ്രധാന പ്രശ്നം. എന്നാല്‍ അത് കഴുകിയെടുക്കാനുള്ള  ബുദ്ധിമുട്ടായിരുന്നു ബൈജുവിൻ്റെ അമ്മയുടെ ആശങ്ക. ആളുകള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസുകളും പ്ലേറ്റുകളും മാത്രം ശീലമാക്കിയതു കൊണ്ട് ആവശ്യമായത്ര സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും രണ്ടു മൂന്നു സ്ഥലങ്ങളില്‍ നിന്നാണ് സംഘടിപ്പിച്ചത്.

 

വിവാഹക്ഷണപത്രിക     പഴയ      കാര്‍ബോര്‍ഡ് വച്ച് പ്രത്യേകം         പറഞ്ഞ്         നിര്‍മിക്കുകയായിരുന്നു. സാധാരണ  ഇന്നുള്ള  വിവാഹക്ഷണപത്രികകളെല്ലാം തന്നെ പ്ലാസ്റ്റിക്ക് കോട്ടിങ്ങോടു കൂടിയാണ്    വരുന്നത്. എന്നാല്‍ പഴയ കാര്‍ബോര്‍ഡ് വച്ചാകുമ്പോള്‍ അത്രയും പ്ലാസ്റ്റിക്    ഒഴിവാക്കാമെന്നായി.     കോയമ്പത്തൂരില്‍ നിന്ന്   പ്രത്യേകം    കൊണ്ടു     വന്ന്     പാലക്കാടാണ് ക്ഷണപത്രിക  ഉണ്ടാക്കിച്ചത്.    ചിലവു കുറഞ്ഞ  ഒരു രീതികൂടിയാണത്.

സ്റ്റേജ്   ഡെക്കറേഷനുമായി     ബന്ധപ്പെട്ട    എല്ലാ കാര്യങ്ങളും       സുഹൃത്ത്          രതീഷിന്റെ മേല്‍നോട്ടത്തി ലായിരുന്നു.     പ്രത്യേകം ചിലവുകളൊന്നുമാകാതെ   നാട്ടില്‍     സുലഭമായി കിട്ടുന്ന    നീലൂരി   എന്ന  ഔഷധച്ചെടിയുടെ വള്ളി ഉപയോഗിച്ച് സുഹൃത്തുകള്‍ എല്ലാവരും ചേര്‍ന്നാണ് സ്റ്റേജ് ഡെക്കറേഷന്‍ ചെയ്തത്. ഈ വള്ളി കൊണ്ടു തന്നെ പേരിന്റെ ആദ്യ അക്ഷരവും ഉണ്ടാക്കി. കടയില്‍ നിന്നുള്ള കളര്‍ പൊടി ചുണ്ണാമ്പില്‍ കലര്‍ത്തി നിറം നല്കുകയും ചെയ്തു. പൂവിനു പകരം കടലാസു കൊണ്ട് നിര്‍മിച്ച പൂക്കളാണ് ഉപയോഗിച്ചത്. അയല്‍വാസിയായ സുമ എന്ന പെണ്‍കുട്ടിയാണ് ഇത് പൂര്‍ണമായും നിര്‍മിച്ചു നല്‍കിയത്. ഇതിനായി ആകെ 1500 രൂപയില്‍ താഴെ മാത്രമേ ചിലവ് വന്നിട്ടുള്ളുവെന്ന് ബൈജു പറയുന്നു. ഏകദേശം ഒരാഴ്ച കൊണ്ടാണ് സുമ പൂക്കളെല്ലാം ഉണ്ടാക്കിയെടുത്തത്. പൂക്കള്‍ക്ക് ഇലകളായി വച്ചത് കോളാമ്പി പോലുള്ള ചെടികളുടെ ഇലകളാണ്. കാര്യമായ ചിലവുകളൊന്നുമില്ലാതെയാണ് എല്ലാം ഒരുക്കിയെടുത്തത്.

വീട്ടില്‍ വച്ചു തന്നെയാണ് വിവാഹ സല്‍ക്കാരം ഒരുക്കിയിരുന്നത്. അതുകൊണ്ടു തന്നെ ഫ്‌ളക്‌സിനു പകരം സൂചനാ ബോര്‍ഡുകളായി ഉപയോഗിച്ചത് സാധാരണ തെങ്ങിന്‍ പട്ട മടഞ്ഞെടുത്തായിരുന്നു. മടഞ്ഞെടുത്ത തെങ്ങിന്‍ പട്ടയില്‍ ചുണ്ണാമ്പു കൊണ്ടാണ് പേരെഴുതിയത്. നാട്ടില്‍ കുട്ടികളെല്ലാം ചേര്‍ന്ന് രൂപീകരിച്ച ‘ഡയമണ്ട്‌സ്’ എന്ന ക്ലബ്ബിലെ കുട്ടികള്‍ തന്നെയാണ് ഇതിനു വേണ്ട തെങ്ങിന്‍ പട്ട മടഞ്ഞെടുത്തത് . ഇന്നും നാട്ടിമ്പുറത്തെ പല കുട്ടികള്‍ക്കും ഇത്തരം കലാവിരുതുകള്‍ അറിയാമെന്നത് ആശാവഹമാണ്. തെങ്ങിന്‍ മടല് കൊണ്ട് പൊതിഞ്ഞ കവാടവും പനനൊങ് തൂങ്ങിയാടുന്നതിനിടയില്‍ പലകയില്‍ എഴുതി തൂക്കിയ വരവേല്‍പ്പ് ബോര്‍ഡുമാണ് അലങ്കാരത്തിനൊരുക്കിയത്. ഇക്കൂട്ടത്തില്‍ രണ്ട് ഫ്രേമുകള്‍ മാത്രമാണ് വാടകയ്ക്ക് എടുക്കേണ്ടി വന്നത്.

‘പാലക്കാട് ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നവരാണ്. ഇന്നും മിക്കവരുടേയും വീടിനോടു ചേര്‍ന്ന് തൊഴുത്തിനോ മറ്റുമായി ഓലമേഞ്ഞ നെടുമ്പെര( ചെറിയ വീട്) ഉണ്ടാക്കാറുണ്ട്. ഇത് അവര്‍ തന്നെ നിര്‍മിച്ചടുക്കുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ഓല മടഞ്ഞെടുക്കാന്‍ കുട്ടികളുള്‍പ്പടെ മിക്കവര്‍ക്കുമറിയാം.’ ബൈജു പറയുന്നു.

അതുപോലെത്തന്നെ മധുരം നല്‍കാന്‍ പാത്രത്തിനായി ഉപയോഗിച്ചത് കടയില്‍ നിന്നും പ്രത്യേകം വാങ്ങിയ ഇലക്കുമ്പിളായിരുന്നു. പാലക്കാട്ടെ ചില ക്ഷേത്രങ്ങളിലേക്ക് നല്‍കുന്നതിനായുണ്ടാക്കുന്നതാണ് ഈ ഇല കുമ്പിളുകള്‍.

കല്യാണ യാത്രയ്ക്കായി കേരളത്തിന്റെ സ്വന്തം കെഎസ്ആര്‍ടിസി ബസായിരുന്നു എന്നതാണ് ബൈജുവിന്റെ വിവാഹത്തിന്റെ മറ്റൊരു പ്രത്യേകത. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബൈജുവിന് പത്തനംതിട്ട മുതല്‍ കാസര്‍കോഡു വരെ യാത്ര ചെയ്യേണ്ടതായി വരാറുണ്ട്. മിക്കപ്പോഴും യാത്ര കെഎസ്ആര്‍ടിസിയിലായിരിക്കും. അതുകൊണ്ടു തന്നെ അതിനോടുള്ള പ്രത്യേക ഇഷ്ടം കൂടിയാണ് വിവാഹ യാത്രയ്ക്കും കെഎസ്ആര്‍ടിസി തിരഞ്ഞെടുത്തത്. സാധാരണ കല്യാണം എന്നു പറയുമ്പോള്‍ എസി ടൂറിസ്റ്റ് ബസും കാതടപ്പിക്കുന്ന ശബ്ദത്തോടെ പാട്ടും കേട്ടില്ലെങ്കില്‍ സമാധാനമില്ല എന്നതാണ് സാധാരണക്കാരായ നമ്മളില്‍ പലരുടേയും ധാരണ. എന്നാല്‍ അതൊക്കെ ഒഴിവാക്കി കുറച്ച് ലളിതമാക്കാമെന്ന രീതിയിലാണ് കെഎസ്ആര്‍ടിസി എടുത്തത്. കെഎസ്ആര്‍ടിസി അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ബസുകള്‍ വാടകയ്ക്ക് വിട്ടു നല്‍കുന്നുണ്ടെന്നത് ഇന്നും പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.  ഇതിനെ അനുമോദിച്ചു കൊണ്ട് കെഎസ്ആര്‍ടിസി എംഡി എംപി ദിനേശിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ട്രാന്‍പോര്‍ട്ട് ഓഫീസര്‍മാര്‍ ബൈജുവിന്റെ വീട്ടിലെത്തി അനുമോദിക്കുകയും ചെയ്തിരുന്നു.

വധുവായ സുസ്മിതയുടെ വീട്ടില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍ മാത്രമാണ് പുറത്തു നിന്നെടുത്തിരുന്നത്. ബാക്കി എല്ലാം തന്നെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടു തന്നെയാണ് പരിപാടി മുഴുവനായും നടത്തിയതെന്ന് ബൈജു പറയുന്നു.

വീട്ടിലെ നെല്‍പ്പാടം നിരപ്പാക്കിയാണ് വിവാഹസല്‍ക്കാരം ഒരുക്കിയിരുന്നത്. അതു കൊണ്ടു തന്നെ വിവാഹ ശേഷം വന്ന അവശിഷ്ടങ്ങളെല്ലാം ഇലകളും മറ്റുമായിരുന്നതിനാല്‍ കുഴി കുത്തി ഇടുകയും പിന്നീട് ഇതിനെ പാടത്തു തന്നെ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിച്ച് മണ്ണിനോടു കൂടെ ചേര്‍ക്കുകയും ചെയ്തു. ഇത് മണ്ണില്‍ അലിഞ്ഞ് വളമായി തീരുകയും ചെയ്യുമെന്നതിനാല്‍ അവഷിഷ്ടം അടിഞ്ഞു കിടക്കുമെന്ന പേടിയുമില്ല. പുറത്തു കളയേണ്ടതായി വന്നതുമില്ല. വീട്ടുകാരും ബന്ധുക്കളും പൂര്‍ണ പിന്തുണ നല്‍കിയാണ് ബൈജുവിന്റെയും സുസ്മിതയുടേയും വിവാഹം നടന്നത്. മെയ് 26 നായിരുന്നു ഇരുവരുടേയും വിവാഹം.

തികച്ചും പ്രകൃതിയോടിണങ്ങിയ രീതിയില്‍ വിവാഹം നടത്തണമെന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായ സന്തോഷത്താലാണ് ബൈജുവും പ്രിയതമ സുസ്മിതയും. സാധനങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് മാത്രമേ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളൂ എന്നും ബൈജു പറയുന്നു.

‘പ്രകൃതിയെ സംരക്ഷിക്കുക എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം മരം നടുക അല്ലെങ്കില്‍ ഏതെങ്കിലും ചില മണിക്കൂറുകള്‍ പരിസ്ഥിതിയെ കുറിച്ച് വാതോരാതെ സംസാരിക്കുക എന്നത് മാത്രമല്ല എന്ന പൊതു ബോധമാണ് നമ്മളില്‍ ഉണ്ടാവേണ്ടത്. നമ്മള്‍ ഒന്ന് മനസ്സുവച്ചാല്‍ ചില കാര്യങ്ങളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ വളരെ വലിയ മാറ്റങ്ങള്‍ ഈ പരിസ്ഥിതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന് പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഒരിക്കലും പൂര്‍ണമായും അവയെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് നമുക്ക് നന്നായി അറിയാം പക്ഷെ ഒന്ന് മനസ്സുവച്ചാല്‍ ഒരു പേപ്പര്‍ ഗ്ലാസ് ചുരുട്ടി എറിയുന്നത് ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങള്‍ കഴുകാന്‍ നമ്മള്‍ ശീലിച്ചാല്‍ അതും പ്രകൃതിയോട് ചെയ്യുന്ന മഹത്തായ ഒരു ആദരവാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.’

തന്റെ     മനസ്സിലെ    ആഗ്രഹള്‍ക്ക്       ചിറകു നല്‍കാന്‍        കൂട്ടുനിന്ന       എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍  നന്ദി അറിയിക്കുന്ന ബൈജു     എന്ന    പ്രകൃതി     സ്‌നേഹി     ഇന്ന് എല്ലാവര്‍ക്കും ഒരു  ഉത്തമ  മാതൃകയാണ്. ബൈജു പറഞ്ഞതു       പോലെ     പണ്ട്      സ്‌കൂളില്‍ പഠിക്കുമ്പോള്‍         എന്തിനെന്നറിയാതെ ആഘോഷിച്ച     ഈ   പരിസ്ഥിതി      ദിനങ്ങള്‍ ഇനിയെങ്കിലും   നമുക്ക്  ജീവിതത്തിലെ ചില ധന്യ       മുഹൂര്‍ത്തങ്ങളില്‍        എങ്കിലും അര്‍ത്ഥവത്തായി   ഉപയോഗിക്കാന്‍ ശീലിക്കാം. പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ശീലിക്കാം.

ബൈജു എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാര്‍മെന്റ്‌സ്         കമ്പനിയില്‍     മാര്‍ക്കറ്റിങ് വിഭാഗത്തിലും സുസ്മിത മുണ്ടൂര്‍ ഐആര്‍ടിസി ഗവേഷണവിഭാഗം   അസിസ്റ്റന്റായും    ജോലി ചെയ്യുകയാണ്.